ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ റീട്ടെയിൽ കമ്പനികളിലൊന്നായ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് (ABFRL) വൻതോതിലുള്ള ഡാറ്റ ചോർച്ചയുടെ ഇരയായതായി റിപ്പോര്‍ട്ട്. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിൽ നിന്ന് 54 ലക്ഷത്തിലധികം ഇമെയിൽ വിലാസങ്ങളുള്ള ഡാറ്റയാണ് ചോർന്നതിന് പിന്നാലെ ഓൺലൈനിൽ പോസ്റ്റ് ചെയ്‌തതായി കാണപ്പെട്ടിരിക്കുന്നത്.
പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ജനനത്തീയതികൾ, ഓർഡർ ചരിത്രങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ എന്നിവ പോലുള്ള വ്യക്തിഗത ഉപഭോക്തൃ വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു. ജീവനക്കാരുടെ ശമ്പളം, മതം, അവരുടെ വൈവാഹിക നില എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങളും ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ഡാറ്റാബേസ് ഷൈനി ഹണ്ടേഴ്സ് എന്നറിയപ്പെടുന്ന ഒരു ഹാക്കർ ഗ്രൂപ്പാണ് പരസ്യമാക്കിയത്. ചോർത്തിയ ഡാറ്റകൾ തിരിച്ചു നൽകാൻ ഹാക്കർമാർ പണം ആവശ്യപ്പെട്ടത് കമ്പനി നിരസിച്ചതോടെയാണ് ഇത്രയും അക്കൗണ്ട് വിവരങ്ങൾ ഒരു ഹാക്കിംഗ് ഫോറത്തിൽ പരസ്യമായി പോസ്റ്റ് ചെയ്തത്.