ഒരു വര്‍ഷത്തെ മുഴുവന്‍ ദിവസത്തെയും പ്രതിനിധീകരിച്ച് 365 വിഭവങ്ങള്‍! ഭാവി മരുമകന് ഭക്ഷണത്തിന്റെ സമ്പൂര്‍ണ്ണ കലവറ ഒരുക്കി സ്വര്‍ണ്ണ വ്യാപാരിയും കുടുംബവും; ആന്ധ്രയിലെ ഈ രാജകീയ വിരുന്ന്‌ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

New Update

publive-image

ഹൈദരാബാദ്: മരുമകന് ഗംഭീര സ്വീകരണം നല്‍കുന്നത് പല ഇന്ത്യന്‍ കുടുംബങ്ങളിലും പതിവാണ്. ഇവിടെ ഭാവി മരുമകന് 365 കൂട്ടം വ്യത്യസ്ഥ തരം ഭക്ഷണമൊരുക്കി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു കുടുംബം. മകര സംക്രാന്തി ദിനത്തിലാണ് പെണ്‍കുട്ടിയുെട കുടുംബം ഭാവി മരുമകന് ഭക്ഷണത്തിന്റെ സമ്പൂര്‍ണ്ണ കലവറ തന്നെ ഒരുക്കിയത്.

Advertisment

365 ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രാജകീയ വിരുന്നാണ് കുടുംബം തങ്ങളുടെ മകളെ വിവാഹം കഴിക്കാന്‍ പോകുന്ന പയ്യനായി ഒരുക്കിയത്. പടിഞ്ഞാറന്‍ ഗോദാവരിയിലെ നര്‍സാപുരത്ത് നിന്നുള്ള സ്വര്‍ണ്ണ വ്യാപാരികളായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയുമാണ് വിരുന്നൊരുക്കിയ ദമ്പതികള്‍. ഇവരുടെ മകള്‍ കുന്ദവിയെ വിവാഹം കഴിക്കാന്‍ പോകുന്ന തുമ്മലപ്പള്ളി സുബ്രഹ്മണ്യത്തിന്റെയും അന്നപൂര്‍ണയുടെയും മകനായ സായികൃഷ്ണയ്ക്കാണ് വിരുന്ന് നല്‍കിയത്.

ഒരു വര്‍ഷത്തിന്റെ 365 ദിവസങ്ങളെ പ്രതിനിധീകരിച്ചാണ് 365 തരം ഭക്ഷണ ഇനങ്ങള്‍ ഒരുക്കിയതെന്ന് കുടുംബം പറഞ്ഞു. വധുവിന്റെ മുത്തച്ഛന്‍ അച്ചന്ത ഗോവിന്ദും മുത്തശ്ശി നാഗമണിയും ചേര്‍ന്നാണ് വിവാഹത്തിന് മുമ്പ് ഇവര്‍ക്കായി വിരുന്നൊരുക്കിയത്. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കള്‍ ഈ ഗംഭീരമായ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഉത്സവത്തിന് ശേഷം ഇരുവരും വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്.

മുപ്പതോളം വ്യത്യസ്ത ഇനം കറികള്‍, ചോറ്, പുളിഹോര, ബിരിയാണി, പരമ്പരാഗത ഗോദാവരി മധുരപലഹാരങ്ങള്‍, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, പഴങ്ങള്‍, കേക്കുകള്‍ എന്നിവയാണ് വിരുന്നില്‍ ഒരുക്കിയിരുന്നത്. ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടതാണ് കിഴക്കന്‍, പടിഞ്ഞാറന്‍ ഗോദാവരി ജില്ലകള്‍. എന്തായാലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഈ രാജകീയ വിരുന്നിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

Advertisment