എസ്പിക്ക് മത്സരരംഗത്തിറക്കാൻ കഴിയാത്തവർക്ക് ബിജെപി ടിക്കറ്റു നൽകുന്നതിൽ നന്ദി; എസ്.പിയുടെ ആദര്‍ശങ്ങള്‍ അവരിലൂടെ ബി.ജെ.പിയിലെത്തി അവിടെ ജനാധിപത്യം വളരുന്നതിന് കാരണമാവട്ടെ! അപര്‍ണ യാദവിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് അഖിലേഷ് യാദവ്‌

New Update

publive-image

Advertisment

ലഖ്നൗ: യുപി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തന്റെ സഹോദരഭാര്യയും സമാജ്‌വാദി പാർട്ടി അംഗവുമായ അപർണ യാദവ് ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തങ്ങള്‍ക്ക് മത്സരിപ്പിക്കാന്‍ കഴിയാത്തവരെ പോലും ബി.ജെ.പി ഏറ്റെടുത്ത് മത്സരിപ്പിക്കുന്നതിന് ബി.ജെ.പിയ്ക്ക് നന്ദി പറയുന്നുവെന്നും എസ്.പിയുടെ ആദര്‍ശങ്ങള്‍ അവര്‍ ബി.ജെ.പിക്ക് പകര്‍ന്നുനല്‍കട്ടെയെന്നും അഖിലേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ജനസ്വാധീനമില്ലാത്തവരാണ് പാർട്ടി വിട്ടത്. അപർണയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ മുലായംസിങ് യാദവ് ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സര്‍വേകള്‍ നടത്തിയും മറ്റ് പല ഘടകങ്ങള്‍ പരിഗണിച്ചുമാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

‘എസ്പിക്ക് മത്സരരംഗത്തിറക്കാൻ കഴിയാത്തവർക്ക് ബിജെപി ടിക്കറ്റു നൽകുന്നതിൽ നന്ദിയുണ്ട്. അപർണയ്ക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു, മാത്രമല്ല സമാജ്‌വാദി പാർട്ടിയുടെ ആശയങ്ങൾ ഇത്തരത്തിൽ വ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. എനിക്കുറപ്പാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം അവിടെ എത്തുകയും അതുവഴി ജനാധിപത്യം പ്രസരിക്കുകയും ചെയ്യുമെന്ന്.’– അഖിലേഷ് പറഞ്ഞു.

അതേസമയം, താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും അഖിലേഷ് നല്‍കി. അസംഗഢിലെ ജനങ്ങൾ അനുവദിക്കുകയാണെങ്കിൽ മത്സരിക്കും. ജനങ്ങൾ ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അഖിലേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment