മതം മാറാൻ വിസമ്മതിച്ചതിന് വാർഡൻ അപമാനിച്ചു! വിഷംകഴിച്ച വിദ്യാര്‍ഥിനി മരിച്ചു

New Update

publive-image

Advertisment

ചെന്നൈ: ഹോസ്റ്റൽ വാ‍ർഡൻ അപമാനിച്ചെന്ന് ആരോപിച്ച് വിഷം കഴിച്ച വിദ്യാ‍ർത്ഥിനി മരിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ മതംമാറണമെന്ന് വാര്‍ഡന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ പല രീതിയിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വീഡിയോ ഇപ്പോൾസോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ''രണ്ട് വ‍ർഷം മുമ്പ് അവ‍ർ എന്നോടും കുടുംബത്തോടും ക്രിസ്തുമാതത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്റെ വിദ്യാഭ്യാസം നോക്കിക്കൊള്ളാമെന്നും അവ‍ർ പറഞ്ഞു'', - പെൺകുട്ടി ഇങ്ങനെ പറയുന്നത് കേൾക്കാവുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

പൊങ്കല്‍ അവധിക്ക് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ഥിനിയെ സമ്മതിച്ചില്ല. അവധി ദിവസങ്ങളില്‍ സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചുവെന്നും ആരോപണമുണ്ട്. തുടര്‍ന്ന് പൂന്തോട്ടത്തില്‍ അടിക്കാന്‍വെച്ചിരുന്ന കീടനാശിനി എടുത്ത് പെണ്‍കുട്ടി കഴിക്കുകയായിരുന്നു.

ജനുവരി 9നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു. കുട്ടിയുടെ ആരോപണത്തിൽ വാ‍ർഡനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു. വാ‍ർഡനെ പൊലീസ് അറസ്റ്റ് ചെയ്തു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment