'ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിക്കാത്ത പോരാളി'; ഇനി ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ, അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികത്തിൽ ലേസർ വെളിച്ചം പ്രസരിപ്പിച്ചു രൂപപ്പെടുത്തുന്ന ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ഗ്രാനൈറ്റിലുള്ള പ്രതിമയുടെ നിർമാണം പൂർത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമ സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും മോദി പറഞ്ഞു.

ഇത് ചരിത്ര നിമിഷമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് മുന്നിൽ തലകുനിയ്ക്കാത്ത പോരാളിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രചോദനമാകും. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ടുപോകണമെന്നും മോദി പറഞ്ഞു.

സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും പ്രതിമ അനാഛാദനവേളയിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു. ഇതു വെറുമൊരു പ്രതിമയല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എല്ലാം നല്‍കിയ നേതാജിക്കുള്ള ഉചിതമായ ആദരവാണിതെന്നും അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞു.

ലേസര്‍ വെളിച്ചം പ്രസരിപ്പിച്ച് രൂപപ്പെടുത്തുന്ന നേതാജിയുടെ ഹോളോഗ്രം പ്രതിമയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യാഗേറ്റില്‍ സ്ഥാപിച്ചത്. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരവും 6 അടി വീതിയുമുണ്ടാകും. പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിൽ 2019-2022 വർഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ആപ്താ പ്രബന്ധൻ പുരസ്കാരവും വിതരണം ചെയ്തു.

നേരത്തെ ജോർജ് ആറാമന്റെ പ്രതിമയുണ്ടായിരുന്ന മേലാപ്പിലാണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ക്കും നേതാജിയുടെ ജന്മവാര്‍ഷികദിനത്തില്‍ തുടക്കം കുറിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ഷവും നേതാജിയുടെ ജന്മദിന വാര്‍ഷികം പരാക്രം ദിവസ് ആയാണ് ആചരിക്കുക. കഴിഞ്ഞ ദിവസം അണച്ച അമർജവാൻ ജ്യോതിയിൽ നിന്ന് നോക്കിയാൽ നേതാജിയുടെ പ്രതിമയാകും ഇനി കാണുക.

Advertisment