മാലെഗാവ് കോർപ്പറേഷനിലെ മേയറടക്കം 28 കോൺഗ്രസ് അംഗങ്ങളും എൻസിപിയിൽ; ഞെട്ടലില്‍ കോണ്‍ഗ്രസ്‌

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലെഗാവ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ ഉൾപ്പെടെ 28 കോൺഗ്രസ് അംഗങ്ങളും എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാര്‍, സംസ്ഥാന എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് 28 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.

28 പാര്‍ട്ടി കൗണ്‍സിലര്‍മാരില്‍ 27പേരും എന്‍സിപിയില്‍ ചേര്‍ന്നെന്ന് കോണ്‍ഗ്രസും സ്ഥിരീകരിച്ചു. 84 അംഗ ഭരണസമിതിയില്‍ 28 അംഗങ്ങളുള്ള കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളടങ്ങിയ മഹാവികാസ് അഖാഡി മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്.

20 കൗൺസിലർമാരാണ് എൻസിപിക്ക് നേരത്തെ ഉണ്ടായിരുന്നത്. ശിവസേന 13, ബിജെപി 9, എഐഎംഐഎം 7, ജെഡിഎസ് 6 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. ഒരു സ്വതന്ത്ര അംഗവുമുണ്ട്. മലേഗാവില്‍ അടുത്ത എംഎല്‍എ എന്‍സിപിയുടേതാകുമെന്നും നഗരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ജയന്ത് പാട്ടീലും അജിത് പവാറും പറഞ്ഞു.

വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അംഗങ്ങളുടെ കൂറുമാറ്റം.

Advertisment