ബജറ്റ് ജനസൗഹൃദമെന്ന് മോദി, സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്നതെന്ന് പിണറായി; ജനജീവിതം ദുസഹമാക്കുന്നതെന്ന് സതീശന്‍-വിവിധ പ്രതികരണങ്ങളിലൂടെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാര്യമായ ജനപ്രിയ പ്രഖ്യാപനങ്ങളില്ലെന്നതാണ് ശ്രദ്ധേയം. ബജറ്റിനെക്കുറിച്ചുള്ള വിവിധ പ്രതികരണങ്ങളിലൂടെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി

ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണ്. ദരിദ്രരുടെ ക്ഷേമത്തിൽ ശ്രദ്ധയൂന്നിയ ബജറ്റാണിത്. സമൂഹത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനപ്പെടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ വളർച്ച എന്നിവ ഉറപ്പു വരുത്തുന്നു. സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചിട്ടില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ല.

റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിന്‍റെ സൂചകളും ബജറ്റില്‍ വേണ്ടത്രയുണ്ട്. സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ക്കു നേര്‍ക്ക് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലര്‍ത്തുന്നത്.

ഇ-പി.എഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതും, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാലത്തിനൊത്ത് നവീകരിച്ച് ശക്തിപ്പെടുത്താത്തതിലും, അവശ വിഭാഗ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയോ, വ്യാപിപ്പികയോ ചെയ്യാത്തതിലും എല്ലാം കേന്ദ്രത്തിന്‍റെ മനുഷ്യത്വ രഹിതമായ മനോഭാവമാണ് പ്രകടമാകുന്നത്.

പ്രധാനമന്ത്രിയുടെ ഗതിശക്തിയെന്ന പുതിയൊരു പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതത്തെയാകെ സമഗ്രമായി കൂട്ടിയിണക്കുന്ന പദ്ധതിയായാണിത് കരുതപ്പെടുന്നത്. എന്നാല്‍ ഗതിശക്തിയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മൂര്‍ത്തമായ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചതായി കാണുന്നില്ല.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് കേന്ദ്ര ധനമന്ത്രി ബജറ്റിലൂടെ നടത്തിയിരിക്കുന്നത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ നാനൂറോളം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടു വന്ന് സംസ്ഥാനത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച തുക 34 ലക്ഷം കോടിയായിരുന്നെങ്കില്‍ ഇത്തവണ 39 ലക്ഷം കോടിയായി ഉയര്‍ത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തെളിയിക്കുന്നതാണ്.

സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി 50 വര്‍ഷത്തേക്ക് പലിശരഹിതമായ സഹായമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയുള്ള വികസനമാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേരളത്തെ പോലെ കടക്കെണിയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇത് ഏറെ ഗുണകരമാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും നടക്കാത്ത സില്‍വര്‍ ലൈനിന് പിറകെ പോകുമ്പോള്‍ പ്രായോഗികമായി ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന 400 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചത്. ദുരഭിമാനം വെടിഞ്ഞ് കെ.റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. പദ്ധതിക്കെതിരേ ബി.ജെ.പി സമരം ശക്തമാക്കുമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

ഇപ്പോഴുള്ള പ്രതിസന്ധി നേരിടാനുള്ള തയാറെടുപ്പ് കേന്ദ്ര ബജറ്റിലില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. വളരെ കുറച്ച് തുക മാത്രമാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്. കേരളത്തിന് എയിംസ് എന്ന ദീര്‍ഘകാലമായുള്ള ആവശ്യവും നടപ്പിലായില്ല. ഇത് തികച്ചും നിരാശാജനകമാണ്. പ്രതീക്ഷിച്ച തൊഴിലവസരങ്ങളൊന്നും ഉണ്ടായില്ല. സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ജിഎസ്ടി നഷ്ടപരിഹാരം 5 വർഷം കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാകും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപ്പാദനത്തിന്റെ 5 ശതമാനം ആക്കണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. കടമെടുപ്പ് പരിധി 4 ശതമാനത്തിൽനിന്ന് 3.5 ശതമാനത്തിലേക്കു ചുരുക്കി. സംസ്ഥാനങ്ങൾക്കിതു തിരിച്ചടിയാണ്.

മുന്‍ധനമന്ത്രി തോമസ് ഐസക്‌

സാധാരണക്കാരെ കളിയാക്കുന്നതാണ് ബജറ്റ്. ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണെന്ന് പറഞ്ഞ തോമസ് ഐസക്, തൊഴിലുറപ്പ് വിഹിതം വർധിപ്പിച്ചു എന്ന വാദം തള്ളി.

കഴിഞ്ഞ വർഷം 98,000 കോടി ആയിരുന്നു റിവൈസ്ഡ് എസ്റ്റിമേറ്റ്. ഈ വർഷം അത് 73,000 കോടിയായി. കാർഷിക അടങ്കൽ കഴിഞ്ഞ വർഷം 5.74 ലക്ഷം കോടിയായിരുന്നു. ഈ വർഷം 4.63 കോടിയായി. വിഹിതത്തിൽ 29% കുറവ് വന്നു. ആരോഗ്യമേഖലയ്ക്ക് 86,000 കോടിയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. ഈ വർഷവും 86,000 കോടി തന്നെയാണ്.

വിഹിതം കൂട്ടിയത് വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി ഇല്ല. സ്വത്ത് എല്ലാം അതിസമ്പന്നരുടെ കയ്യിലാണ്. സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റ് പരിഹാരം അല്ല. കേരളത്തിൽ ജി.എസ്.ടി വരുമാനം ഉയർന്നിട്ടുണ്ട്. ഐ.ജി.എസ്.ടി പ്രതീക്ഷയ്ക്ക് അനുസരിച്ചല്ല വരുന്നത്. പുറത്തു നിന്നു ചരക്ക് വരുമ്പോൾ കേരളത്തിൽ ചോർച്ച വരുന്നു. ഇക്കാര്യം ജി.എസ്.ടി വകുപ്പ് പരിശോധിക്കുന്നുണ്ടാകും. Wealth tax എന്നത് ആലോചിക്കേണ്ടിയിരുന്നു.

എൽ.ഐ.സി വിൽക്കാൻ ശ്രമിച്ചാൽ കർഷക സമരത്തേക്കാൾ വലിയ സമരം ഉണ്ടാകും. ബോണസ് ഇല്ലാതാവുന്ന കാര്യം പോളിസി ഉടമകൾ അറിഞ്ഞിട്ടില്ല. അത്ര വേഗം എൽ.ഐ.സി സ്വകാര്യവൽക്കരണം നടപ്പാകാൻ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Advertisment