ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കെ.സി. വേണുഗോപാല്‍ എംപി. പെഗാസസ്, കെ റെയില്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ വിമര്‍ശനം. മീഡിയ വൺ സംപ്രേക്ഷണം നിർത്തിവെക്കാനുള്ള നിർദേശം എന്തടിസ്ഥാനത്തിലാണെന്നു സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...
രാജ്യസഭയിൽ കേന്ദ്ര - കേരള സർക്കാരുകളുടെ വിവിധ ജനവിരുദ്ധ, ഭരണഘടന വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ ഇടപെടൽ നടത്താനും, പ്രതിഷേധമുയർത്താനും കഴിഞ്ഞ ദിവസമായിരുന്നു ഇന്ന്.
ഒന്നാമതായി കേരളത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും എതിർപ്പ് അവഗണിച്ചു സിൽവർ ലൈൻ അടിച്ചേൽപ്പിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വഞ്ചനയാണെന്നു രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
സിപിഎം അംഗമായ ശ്രീ എളമരം കരീം സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യതയാണെന്നും, പരിസ്ഥിതി സൗഹാർദപരമാണെന്നും സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ, ഈ വാദം തെറ്റാണെന്നും കേരളത്തിന്റെ ബഹുഭൂരിഭാഗം ജനങ്ങളും എതിരായ ഈ പദ്ധതി ഏതുവിധേനയും നടപ്പിലാക്കാൻ സർക്കാർ കോപ്പുകൂട്ടുകയാണെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. പരിസ്ഥിതി ആഘാത പഠനം നടത്താതെയും, പ്രായോഗികത വിലയിരുത്താതെയും കേരള സർക്കാർ ഈ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും സഭയിൽ വ്യക്തമാക്കി.
തുടർന്ന് ചോദ്യോത്തര വേള ആരംഭിക്കുന്നതിനു മുമ്പായി, കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി ശ്രീ അശ്വനി വൈഷ്ണവ് പെഗാസസ് വിഷയവുമായി കഴിഞ്ഞ ജൂലായിൽ രാജ്യസഭയിൽ നടത്തിയ പ്രസ്‌താവന വാസ്തവ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നൽകിയ അവകാശ ലംഘന നോട്ടീസ് പരിഗണയിലുണ്ടെന്ന് രാജ്യസഭാ ചെയർമാൻ സൂചിപ്പിക്കുകയുണ്ടായി.
ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദ്യത്തിന് മറുപടിയായി ഈ വിഷയത്തിൽ മന്ത്രിയുടെ വിശദമായ മറുപടി തേടിയിട്ടുണ്ടെന്നും രാജ്യസഭാ അധ്യക്ഷൻ വ്യക്തമാക്കുകയുണ്ടായി. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേൽ സന്ദർശിച്ച വേളയിൽ രണ്ടു ബില്യൺ ഡോളറിനു പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്ന ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് കൂടി പുറത്തു വന്ന പശ്ചാത്തലത്തിൽ, കേന്ദ്ര ഐ ടി മന്ത്രി പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യസഭയിൽ നടത്തിയ പ്രസ്‌താവന വാസ്തവവിരുദ്ധമാണെന്ന് അവകാശലംഘന നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശേഷം നടന്ന ചോദ്യോത്തരവേളയിൽ രാജ്യവിരുദ്ധപ്രവർത്തനം എന്ന ലേബലിൽ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെക്കുറിച്ചു ഉപചോദ്യം ഉന്നയിക്കുകയുണ്ടായി. രാജ്യസുരക്ഷ എന്ന അവ്യകതമായ കാരണം ചൂണ്ടിക്കാട്ടി മീഡിയ വൺ സംപ്രേക്ഷണം നിർത്തിവെക്കാനുള്ള നിർദേശം എന്തടിസ്ഥാനത്തിലാണെന്നു സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ ആരും പിന്തുണക്കില്ലെന്നും, അത് മറയാക്കി തങ്ങൾക്ക് ഹിതമല്ലാത്ത മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് മീഡിയ വൺ സംപ്രേക്ഷണം നിർത്തിവെക്കാനുള്ള നിർദേശം കേന്ദ്രസർക്കാർ നൽകിയതെന്ന് വ്യകതമാക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.