/sathyam/media/post_attachments/qHaa4DHmAD5rzt8u8spS.jpg)
ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടിയെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന് പരിഹസിച്ച ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒരു കുടുംബം ഉള്ളതില്‍ അഭിമാനിക്കുന്നുവെന്നും, കുടുംബത്തെ ഉപേക്ഷിച്ച് പോകില്ലെന്നും അഖിലേഷ് പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത്, മുഖ്യമന്ത്രിക്ക് ഒരു കുടുംബമുണ്ടെങ്കിൽ, കിലോമീറ്ററുകൾ നടന്ന് സ്വന്തം വീട്ടിലെത്തുന്ന തൊഴിലാളികളുടെ വേദന അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നുവെന്നും അഖിലേഷ് വിമര്‍ശിച്ചു. 2022ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യോഗിയുടെ ഭരണത്തില്‍ അഴിമതി വ്യാപകമാണെന്ന് അദ്ദേഹം ആരോപിച്ചു.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിലും അദ്ദേഹം യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കർഷകരുടെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്നും കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിൽ ആദിത്യനാഥ് സർക്കാർ പരാജയപ്പെട്ടുവെന്നും അഖിലേഷ് ആരോപിച്ചു.