ഇന്ത്യക്കാരനു ലഭിച്ച ആദ്യ കമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് 93 വയസ്സ്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കരങ്ങളിലെത്തുമ്പോൾ രാജ്യത്തെ ആദ്യ എയർലൈനിന്‍റെ അമരക്കാരനെ ഓർത്ത് ടാറ്റ കമ്പനീസ്. 1929 ഫെബ്രുവരി 10ന് ആയിരുന്നു ഇന്ത്യക്കാരനായ ഒരാൾക്ക് ആദ്യമായി പൈലറ്റ് ലൈസൻസ് ലഭിക്കുന്നത്.
ദീർഘകാലം ടാറ്റ ഗ്രൂപ്പ് സാരഥിയായിരുന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ (ജെ.ആർ.ഡി. ടാറ്റ) ആയിരുന്നു ആ സ്വപ്നനേട്ടത്തിന്റെ ഉടമ. എയ്റോ ക്ലബ് ഓഫ് ഇന്ത്യ ആൻഡ് ബർമയിൽനിന്നും അദ്ദേഹത്തിനു ലഭിച്ച ലൈസൻസിൽ നമ്പർ ഒന്ന് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് നേടിയതോടെ രാഷ്ട്രത്തിന് ചിറകു നൽകുക എന്ന വലിയ ദൗത്യത്തിന്‍റെ ആദ്യ പടി കൂടിയാണ് അന്ന് ജെ.ആർ.ഡി. ടാറ്റ പൂർത്തിയാക്കിയത്. ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റയുടെ ലൈസൻസിന്റെ ചിത്രത്തോടൊപ്പം ഇന്ത്യയുടെ ആദ്യത്തെ പൈലറ്റ് ലൈസൻസും എയർ ഇന്ത്യയുടെ ആദ്യ വിമാനവും തമ്മിലുള്ള ബന്ധവും വിശദമാക്കുന്ന ഒരു കുറിപ്പും ടാറ്റ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
1932 ഒക്ടോബർ 15-ന് ആദ്യ വിമാനം ആകാശം തൊടുന്നതിന് വർഷങ്ങൾക്ക് മുമ്പേ എയർ ഇന്ത്യയുടെ കഥ ആരംഭിച്ചിരുന്നുവെന്നും അതിന്‍റെ ആദ്യ പടിയായിരുന്നു ജെ.ആർ.ഡിക്ക് ലഭിച്ച പൈലറ്റ് ലൈസൻസെന്നും ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ ടാറ്റ കമ്പനീസ് പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ടാറ്റാ കമ്പനീസ് പങ്കുവെച്ച ചിത്രം നിരവധി പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.
ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവായാണു ജെ.ആർ.ഡി.ടാറ്റ അറിയപ്പെടുന്നത്. അദ്ദേഹം ആരംഭിച്ച ടാറ്റാ ഏവിയേഷൻ സർവീസസ് ആണ് രാജ്യത്തെ ആദ്യ വിമാനക്കമ്പനി. 1932ൽ കറാച്ചിയിൽനിന്നു മുംബെയിലേക്കും അവിടെനിന്ന് അഹമ്മദാബാദിലേക്കും ഒറ്റയ്ക്കു വിമാനം പറപ്പിച്ച് ഇന്ത്യൻ വ്യോമഗതാഗതത്തിനു ടാറ്റ തുടക്കമിട്ടു. 1933ൽ 1933ൽ കറാച്ചി–മദ്രാസ് സർവീസ് തുടങ്ങി.
ഇതും വിജയകരമായതോടെ 1935ൽ മുംബൈ – തിരുവനന്തപുരം വിമാന സർവീസ് ആരംഭിച്ചു. മുംബൈ – തിരുവനന്തപുരം വിമാനത്തിനു ഗോവയിലും കണ്ണൂരിലും സ്റ്റോപ്പ് ഉണ്ടായിരുന്നു. മുംബൈയിൽ നിന്ന് കണ്ണൂരിലേക്ക് 135 രൂപയായിരുന്നു അന്നു ടിക്കറ്റ് നിരക്ക്. ഗോവയിൽനിന്ന് 75 രൂപ ടിക്കറ്റിൽ കണ്ണൂരിലെത്താമായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ ആവശ്യപ്രകാരമായിരുന്നു ടാറ്റ തിരുവനന്തപുരത്തേക്കു സർവീസ് തുടങ്ങിയത്.
മുംബൈയിൽനിന്ന് രാവിലെ 6.30നു പുറപ്പെട്ട് രാവിലെ ഒൻപതിനു ഗോവയിൽ ഇറങ്ങി, അരമണിക്കൂറിനു ശേഷം കണ്ണൂരിലേക്ക് പുറപ്പെട്ട് വൈകിട്ടു നാലരയോടെ തിരുവനന്തപുരത്ത് എത്തുന്ന തരത്തിലായിരുന്നു യാത്ര. കണ്ണൂരിൽ വിമാനം ഇറങ്ങാൻ പാകത്തിനുള്ള സ്ഥലം അന്നു അന്നു കോട്ടമൈതാനം മാത്രമായിരുന്നു. അതായിരുന്നു കണ്ണൂരിന്റെ ആദ്യ റൺവേ.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷം ടാറ്റാ എയർലൈൻസിന്റെ 49% ഓഹരി സർക്കാർ എറ്റെടുത്തു ഇതോടെ കമ്പനി എയർ ഇന്ത്യ ഇന്റർനാഷനലായി മാറി. 1953ൽ വ്യോമയാനമേഖല ദേശസാൽക്കരിച്ചതോടെ എയർ ഇന്ത്യ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായി മാറി. 1978 വരെ എയർ ഇന്ത്യയുടെ ചെയർമാനായിരുന്നു ജെ.ആർ.ഡി.ടാറ്റ.