ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ടുമാസം മുന്‍പ് കാണാതായ ദളിത് യുവതിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തി. കഴിഞ്ഞ സമാജ് വാദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഫത്തേ ബഹാദൂര്‍ സിങിന്റെ മകന്‍റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി രജോല്‍ സിങ്ങിന്റെ പിതാവാണ് ഫത്തേ ബഹാദൂര്‍ സിങ്. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത് എത്തിയിട്ടുണ്ട്. വളരെ ഗൗരവമേറിയ കാര്യമാണ് ഇതെന്നാണ് മായവതി പ്രതികരിച്ചത്.
രജോല്‍ സിങ് നിലവില്‍ റിമാന്‍ഡിലാണ്. രജോല്‍ സിങ്ങിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, യുവതിയുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. 2021 ഡിസംബര്‍ 8നാണ് യുവതിയെ കാംഷിറാം ചൗക്ക് ഏരിയയില്‍ നിന്നും കാണാതായത്.
രജോല്‍ സിങ്ങാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് യുവതിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 24-ന് ലഖ്‌നൗവില്‍ എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നില്‍ ഇവര്‍ സ്വയംതീകൊളുത്താനും ശ്രമിച്ചിരുന്നു.