/sathyam/media/post_attachments/e5tl7liLj7aIIg498EmF.jpg)
ന്യൂഡൽഹി: ഇന്ത്യ പിറന്നത് 1947ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിൽ സിഖ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ പരാമർശം.
'ഇന്ത്യ പിറന്നത് 1947ല്‍ അല്ല. നമ്മുടെ ഗുരുക്കന്‍മാര്‍ ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. അക്കാലത്ത് ഞാന്‍ ഒളിവിലായിരുന്നു. സിഖുകാരുടെ വേഷം ധരിച്ചായിരുന്നു അക്കാലത്ത് ഞാന്‍ ഒളിച്ചു കഴിഞ്ഞിരുന്നത്', പ്രധാനമന്ത്രി സിഖ് നേതാക്കളോട് പറഞ്ഞു.
1947ലെ വിഭജനകാലത്ത് സിഖ് ആരാധനാലയമായ കർതാർപുർ സാഹിബ് ഇന്ത്യയിൽ നിലനിർത്തുന്നതിൽ അന്നത്തെ കോൺഗ്രസ് ഭരണകൂടം പരാജയപ്പെട്ടു. കർതാർപുർ നിലവിൽ പാക്കിസ്ഥാനിലാണ്. പഞ്ചാബില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുരുദ്വാരയെ ഇന്ത്യയില്‍ നിലനിര്‍ത്താനായി പാകിസ്താനുമായി ധാരണയിലെത്താന്‍ അവര്‍ക്കായില്ല.
നയതതന്ത്ര ബന്ധങ്ങളുപയോഗിച്ച് താന്‍ അതിനായി ശ്രമിച്ചു. പഞ്ചാബില്‍ വരുമ്പോഴെല്ലാം ദൂരദര്‍ശിനിയിലൂടെ താന്‍ ഗുരുദ്വാരയിലേക്ക് നോക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് തന്റെ മനസ്സ് പറഞ്ഞു. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഖ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരെ ഷാള്‍ പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.