എല്ലാ കണ്ണുകളും ഉത്തര്‍പ്രദേശില്‍; മാള്‍വയിലെ വിജയം പഞ്ചാബിലെ വിജയം! കൂറുമാറ്റത്തില്‍ കുരുങ്ങി ഗോവയും മണിപ്പുരും-ഇതാ ചില തിരഞ്ഞെടുപ്പ് വസ്തുതകള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പോളിങ് പൂര്‍ത്തിയായി. മണിപ്പുരിലെ അവസാനഘട്ട പോളിങ് മാര്‍ച്ച് അഞ്ചിനും ഉത്തര്‍പ്രദേശിലേത് മാര്‍ച്ച് ഏഴിനും പൂര്‍ത്തിയാകും. മാര്‍ച്ച് പത്തിന് ഫലമറിയാം.

എന്തുകൊണ്ട് ഉത്തര്‍പ്രദേശ് പ്രധാനപ്പെട്ടതാകുന്നു?

ഏകദേശം 240 ദശലക്ഷം ആളുകളുള്ള യുപി ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്. യുപി മറ്റൊരു രാജ്യമായിരുന്നെങ്കില്‍ ചൈന, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ എന്നിവയ്ക്ക് ശേഷം ലോകത്തിലെ ജനസംഖ്യയുടെ കാര്യത്തിൽ ഇത് അഞ്ചാമത്തെ വലിയ രാജ്യമായി മാറുമായിരുന്നു. രാജ്യത്തിന്റെ പാര്‍ലമെന്റിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ അയക്കുന്ന സംസ്ഥാനമാണ് യുപി (80). യുപിയില്‍ വിജയിക്കുന്ന മുന്നണി രാജ്യം ഭരിക്കുമെന്നതാണ് ഇതുവരെയുള്ള വസ്തുത.

സീറ്റുകളുടെ എണ്ണത്തില്‍ മുന്നില്‍ ഉത്തര്‍പ്രദേശ്‌

ഉത്തർപ്രദേശിൽ ആകെ 403 സീറ്റുകളാണുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളായ ഗോവ (40), പഞ്ചാബ് (117), മണിപ്പൂർ (60), ഉത്തരാഖണ്ഡ് (70) എന്നിവിടങ്ങളിലെ സീറ്റുകളേക്കാൾ കൂടുതൽ. ഈ നാല് സംസ്ഥാനങ്ങളിലെ സീറ്റുകള്‍ കൂട്ടിയാലും ഉത്തര്‍പ്രദേശിലെ അത്രയും വരില്ലെന്ന് ചുരുക്കം.

യുപിയിൽ 86 നിയമസഭാ സീറ്റുകൾ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 86 സീറ്റുകളിൽ 84 എണ്ണം പട്ടികജാതി വിഭാഗങ്ങൾക്കും 2 എണ്ണം പട്ടികവർഗക്കാർക്കുമാണ്.

മാൾവയിലെ വിജയം എന്നാൽ പഞ്ചാബിലെ വിജയം

പഞ്ചാബ് സംസ്ഥാനത്തിന്റെ തെക്ക്-കിഴക്കും ഹരിയാനയുടെയും രാജസ്ഥാന്റെയും ചില ഭാഗങ്ങളിൽ സത്‌ലജ്, യമുന നദികൾക്കിടയിലുള്ള ഒരു പ്രദേശമാണ് മാൾവ. 69 മണ്ഡലങ്ങളാണ് മാല്‍വ മേഖലയിലുള്ളത്. ഈ പ്രദേശത്ത് ജയിക്കുന്നവരായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

1966 മുതൽ സിഖുകാരല്ലാത്ത ആരും പഞ്ചാബ് മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടിട്ടില്ലെന്നതാണ് പഞ്ചാബിലെ മറ്റൊരു പ്രത്യേകത. 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനായി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിസ് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 53% പേരും മുഖ്യമന്ത്രി ഒരു സിഖുകാരനായിരിക്കേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്. പഞ്ചാബ് ജനസംഖ്യയിലെ 58 ശതമാനം പേരും സിഖുകാരാണ്.

ഇതുവരെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാത്ത രണ്ടു നേതാക്കളില്‍ ഒരാള്‍ ഇത്തവണ പരാജയമറിയുമെന്നതിനാല്‍, എല്ലാ കണ്ണുകളും വാശിയേറിയ മത്സരം നടക്കുന്ന അമൃത്സര്‍ ഈസ്റ്റിലേക്കാണ്. ഇവിടെ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിദ്ദു അകാലിദളിന്റെ ബിക്രം മജിതിയയ്‌ക്കെതിരെ മത്സരിക്കുന്നു. ഈ രണ്ട് നേതാക്കളും അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല.

കൂറുമാറാതിരിക്കാന്‍ മണിപ്പുരില്‍ കോണ്‍ഗ്രസിന്റെ പ്രതിജ്ഞ

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കാര്യമായ മാധ്യമ കവറേജ് ലഭിക്കാത്ത ഒരു സംസ്ഥാനമാണ് മണിപ്പുര്‍. എന്നാല്‍ ശക്തമായ തിരിച്ചുവരവ് അനിവാര്യമായ കോണ്‍ഗ്രസിന് കരുത്ത് തെളിയിക്കേണ്ട സംസ്ഥാനമായി മാറിയിരിക്കുകയാണ് മണിപ്പുര്‍.

2014ലെ ലോക്‌സഭാ പരാജയം വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസിനെ അങ്ങേയറ്റം ദുർബലമാക്കി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. തുടർന്ന്, നിരവധി കോൺഗ്രസ് നേതാക്കളുടെ കൂറുമാറ്റവും ബിജെപി ഉറപ്പാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 28 സീറ്റുമായി കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി. 5 വർഷം പൂർത്തിയായപ്പോൾ 13 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനൊപ്പമുള്ളത്. സംസ്ഥാനത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഇന്ന് മറ്റ് പാർട്ടികളുടെ സഹായം ആവശ്യമാണ്.

പഴയതുപോലെ കൂറുമാറ്റം സംഭവിക്കാതിരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇബോബി സിങ്ങിന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തത്. ക്ഷേത്രത്തിലും ക്രിസ്ത്യൻ- മുസ്‌ലിം പള്ളികളിലും പരമ്പരാഗത മെയ്തി ക്ഷേത്രത്തിലും പോയാണ് സ്ഥാനാർത്ഥികൾ കൂറുമാറില്ലെന്നും 5 വർഷവും പാർട്ടിയിൽ അടിയുറച്ചുനിൽക്കുമെന്നും പ്രതിജ്ഞ ചെയ്തത്.

മനോഹര്‍ പരീക്കറുടെ മകന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി! ഗോവയിലെ ശ്രദ്ധാകേന്ദ്രമായി പനാജി മണ്ഡലം

ഗോവയിൽ, തിരഞ്ഞെടുപ്പ് ട്രെൻഡുകൾ എപ്പോഴും വ്യത്യസ്തമാണ്. 500-ൽ താഴെ വോട്ടുകളുടെ വിജയമാർജിൻ മറ്റെവിടെയെങ്കിലും അപൂർവമായേക്കാമെങ്കിലും, ഗോവയിൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഒരു അസംബ്ലി മണ്ഡലത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം രണ്ട് ലക്ഷത്തിൽ കൂടുതലാണെങ്കിൽ, ഗോവയിൽ ഇത് 28,000-ത്തിൽ താഴെയാണ്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റുകളിൽ 17 എണ്ണവും കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിമാറ്റി ബിജെപി സർക്കാർ രൂപീകരിച്ചു. 17 കോൺഗ്രസ്‌ എംഎൽഎമാരിൽ 15 പേരും കൂറുമാറി. പ്രതിപക്ഷ നേതാവ്‌ ദിഗംബർ കാമത്ത്‌ അടക്കം രണ്ടുപേർ മാത്രമാണ്‌ ശേഷിച്ചത്‌. ഇക്കുറിയും മറുകണ്ടം ചാടൽ കോൺഗ്രസ്‌ പ്രതീക്ഷിക്കുന്നു.

കൂറുമാറ്റം തടയാന്‍ ഗോവയിലും കോണ്‍ഗ്രസ് 'പ്രതിജ്ഞാ തന്ത്രം' പുറത്തെടുത്തിരുന്നു. സ്ഥാനാർഥികളെയും അമ്പലത്തിലും പള്ളിയിലും എത്തിച്ച്‌ ജയിച്ചാൽ കൂറുമാറില്ലെന്ന്‌ പ്രതിജ്ഞ എടുപ്പിച്ചു. മുതിർന്ന നേതാവ്‌ പി ചിദംബരം, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേശ്‌ ഗുണ്ടുറാവു, ദിഗംബർ കാമത്ത്‌ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞ. ഇക്കുറിയും മറുകണ്ടം ചാടൽ കോൺഗ്രസ്‌ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ പ്രതിജ്ഞ.

മുൻ മുഖ്യമന്ത്രി അന്തരിച്ച മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ ഗോവയിലെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് പനാജി മണ്ഡലം. 1994 മുതൽ മനോഹർ പരീക്കർ മൽസരിച്ചിരുന്ന മണ്ഡലമാണ് പനജി. പരീക്കറുടെ മരണശേഷം കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച് ജയിച്ച് പിന്നീട് ബിജെപിയിൽ ചേക്കേറിയ ബാബുഷ് മൊൺസെരാറ്റയ്ക്ക് വേണ്ടിയാണ് ജൂനിയർ പരീക്കറിനെ പാർട്ടി തഴഞ്ഞത്.

ഉത്‌പൽ പരീക്കർക്കു പിന്തുണ പ്രഖ്യാപിച്ച് ശിവസേന സ്ഥാനാർഥിയെ പിൻവലിച്ചിരുന്നു. ഉത്പലിനെ വിജയിപ്പിക്കാൻ ഇതര കക്ഷികളോടും ശിവസേന അഭ്യർഥിച്ചിരുന്നു. ബിജെപി വിട്ട് മൈക്കല്‍ ലോബോ കോണ്‍ഗ്രസിലെത്തിയതും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതും ഗോവന്‍ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ കാഴ്ചകളായിരുന്നു.

ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ പ്രതാപ് സിംഗ് റാണെ മത്സരിച്ച 11 തവണയും ജയിച്ച മണ്ഡലമായ പോരിമില്‍ ബിജെപി സ്ഥാനാർഥി ഡോ.ദിവ്യ പ്രതാപ് സിംഗ് റാണെയുടെ മരുമകളാണ്. ഗോവ മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും വാര്‍ത്തയായിരുന്നു.

Advertisment