/sathyam/media/post_attachments/qxW0uy8MPhOMCCLtktyX.jpg)
ന്യൂഡൽഹി: ബിജെപിക്ക് ഇന്ന് ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘മാർച്ച് 10 മുതൽ ഹോളി ആരംഭിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇത് എൻഡിഎ പ്രവർത്തകരുടെ വിജയമാണ്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുത്തതിന് എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നു. ഗോവയിൽ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡിൽ ബിജെപി പുതിയ ചരിത്രം കുറിച്ചു. 2019ൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ, 2017ലെ യുപിയിലെ വിജയമാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറഞ്ഞു. 2022ലെ യുപിയിലെ തിരഞ്ഞെടുപ്പ് ഫലം 2024ലെ പൊതു തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധർ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു’– അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം. യുപിയിൽ ഒരു മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. സ്ത്രീകളും യുവവോട്ടർമാരും ബിജെപിയെ പിന്തുണച്ചു. കന്നിവോട്ടർമാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിർണായകമായെന്നും മോദി പറഞ്ഞു.