കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാര്യങ്ങള്‍ സുഗമമല്ല ! പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഏതു നിമിഷവുമുണ്ടാകാം. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും ഭൂപേഷ് ബാഗലിനും എതിരെ നീക്കങ്ങള്‍ ശക്തം ! രാഹുല്‍ ബ്രിഗേഡിലെ പല നേതാക്കളും ഇന്നു ബിജെപിയിലാണെന്ന സത്യവും നേതൃത്വം മറക്കരുത് ! വേണ്ടത് പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം. ദുര്‍ബലമായ ഹൈക്കമാന്‍ഡിന് ഇനിയും കാര്യങ്ങള്‍ ബോധ്യമായില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാര്‍ട്ടിയെന്ന ചീത്തപ്പേര് തന്നെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു സംസ്ഥാനങ്ങളിലേക്ക് മാത്രമായി ഭരണം ഒതുങ്ങിയ കോണ്‍ഗ്രസിന് ഒട്ടും ആശ്വാസകരമായ വാര്‍ത്തകളല്ല ഇനിയും ദേശീയ രാഷ്ട്രീയത്തില്‍ കാത്തിരിക്കുന്നത്. പാര്‍ട്ടി ഇപ്പോള്‍ ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും നേതാക്കള്‍ തമ്മില്‍ ഒട്ടും അഭിപ്രായ ഐക്യമില്ല. ഇവിടെയും ബിജെപിയുടെ കുതിരക്കച്ചവട സാധ്യതകള്‍ തുറന്നു കിടക്കുകയാണ്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി അടങ്ങിയിട്ടുണ്ട്. പക്ഷേ ഏതു നിമിഷവും അതു അണപൊട്ടാനുള്ള സാധ്യതയുണ്ട്. പൈലറ്റിന് മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ടെന്ന് പറയുമ്പോഴും ഗെലോട്ടിനെ പിണക്കിയാല്‍ പഞ്ചാബിലെ ഇപ്പോഴത്തെ അവസ്ഥയാകും രാജസ്ഥാനിലുമെന്ന് ഹൈക്കമാന്‍ഡിനും ബോധ്യമുണ്ട്.

പൈലറ്റിനൊപ്പം രാഷ്ട്രീയം തുടങ്ങിയ 'രാഹുല്‍ ബ്രിഗേഡി'ലെ മറ്റുള്ളവരൊക്കെ ബിജെപി ക്യാംപിലെത്തി കഴിഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ഏറ്റവുമൊടുവില്‍ ആര്‍പിഎന്‍ സിങ്ങും ബിജെപിയിലെത്തിയപ്പോള്‍ സുഷ്മിത ദേവും ലൂസിഞ്ഞോ ഫെലോറോയും തൃണമൂല്‍ കോണ്‍ഗ്രസിലെത്തി. പഞ്ചാബില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി കൂടിയായ അശ്വിനി കുമാര്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പു പാര്‍ട്ടി വിട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചത്.

പൈലറ്റ് മുന്‍പും കലാപക്കൊടി ഉയര്‍ത്തിയിരുന്നെങ്കിലും രാഹുലിന്റെയും പ്രിയങ്കയുടെയും വ്യക്തിപരമായ ഉറപ്പുകളുടെ പേരിലാണ് പൊട്ടിത്തെറിയിലേക്ക് പോകാത്തത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. പക്ഷേ ഇനിയും പൈലറ്റിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കലഹം ഉറപ്പാണ്.

സമാനമായ സാഹചര്യം തന്നെയാണ് ഛത്തീസ്ഗഡിലും. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സംസ്ഥാന ആരോഗ്യമന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് ടിഎസ് സിങ് ഡിയോയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. ഭരണം പകുതിയാകുമ്പോള്‍ ബാഗല്‍ മാറി ഡിയോയെ മുഖ്യമന്ത്രിയാക്കാം എന്ന കരാര്‍ നിലവിലുണ്ടായിരുന്നു എന്നാണ് ആരോഗ്യമന്ത്രിയുടെ വാദം.

ഈ തര്‍ക്കം പലവട്ടം ഹൈക്കമാന്‍ഡിന് മുന്നിലെത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. നേതൃത്വം ദുര്‍ബലമായതോടെ ഇനി ഇവിടെങ്ങളില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകാനാണ് സാധ്യത. ഇതിലേതെങ്കിലുമൊരു സംസ്ഥാനത്തു കൂടി ഭരണം പോയാല്‍ ഇതില്‍പരം തിരിച്ചടി കോണ്‍ഗ്രസിന് കിട്ടാനിടയില്ല.

അതേസമയം തന്നെ തങ്ങളെ വിമര്‍ശിക്കുന്നവരെ പാര്‍ട്ടി ദ്രോഹികളെന്നും ബിജെപി ഏജന്റെന്നും വിളിക്കുന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ കടുത്ത പ്രതിഷേധം തന്നെയാണ് ഉയരുന്നത്. പാര്‍ട്ടി സംവീധാനം ഇല്ലെന്ന യാഥാര്‍ത്ഥ്യം ഇനിയും ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞില്ലെങ്കില്‍ കാത്തിരിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതം തന്നെയാകും. അതില്‍ സംശയമില്ല.

Advertisment