/sathyam/media/post_attachments/E6SQo7EyoO3qPntXxba2.jpg)
ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
ഞായറാഴ്ച ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതിയിയില്‍ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിക്കുമെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയും. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വൈകീട്ട് നാല് മണിക്കാണ് യോഗം.
തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെങ്കിലും വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിക്കാമെന്നാണ് സൂചന. പ്രവര്‍ത്തക സമിതിയില്‍ 51 അംഗങ്ങളാണുള്ളത്. ഇവരെല്ലാവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സെപ്റ്റംബറിലേക്ക് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഇത് കുറച്ച് കൂടി നേരത്തെയാകാനാണ് സാധ്യത. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാജയത്തിന്റെ കാരണങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും ഗ്രൂപ്പ് 23 നേതാക്കൾ, ഇനി ഗാന്ധി കുടുംബം നേതൃസ്ഥാനത്തുണ്ടാവരുത് എന്ന നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. എല്ലാ ഭാരവാഹികളേയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നതടക്കമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനും ജി 23 നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്.