/sathyam/media/post_attachments/TLSh0PSIaewJRosMKa8B.jpg)
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ചേരാനിരിക്കെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഒപ്പം യുപിയിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒഴിയുമെന്നാണ് പുറത്തുവരുന്ന വിവരം.
പക്ഷേ എക്കാലവും തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ നടക്കുന്ന നാടകങ്ങള്‍ തന്നെയാണിത്. ഹൈക്കമാന്‍ഡിനോടടുത്ത കേന്ദ്രങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായി ഉണരും. അവരാണ് പിന്നെ വാര്‍ത്തകള്‍ സൃഷ്ടിക്കുക.
നേതാക്കളുടെ രാജി നാടകങ്ങളെ സംബന്ധിച്ച വാര്‍ത്തകളാകും പരക്കുക. പിന്നീട് കമ്മറ്റി ചേരുമ്പോള്‍ വേണമെങ്കില്‍ ഒഴിയാമെന്ന മട്ടില്‍ ഈ ഉന്നത നേതാക്കള്‍ വൈകാരികമായ പ്രസംഗം നടത്തും. ഇതോടെ ഹൈക്കമാന്‍ഡിന്റെ വിശ്വസ്തരുടെ റോള്‍ ആരംഭിക്കും.
നെഹ്‌റു കുടുംബം ചിന്തിയ രക്തത്തിന്റെ കണക്കുകള്‍ പറഞ്ഞും ത്യാഗങ്ങള്‍ ഓര്‍മ്മിപ്പിച്ചും പലരും വാതോരാതെ പ്രസംഗിക്കും. ഈ പ്രസംഗങ്ങള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ മുങ്ങിപ്പോകും. പലപ്പോഴും ഒന്നോ രണ്ടോ പേരെ എതിര്‍ത്ത് സംസാരിക്കാനുണ്ടാകൂ.
ഇത്തരം സ്തുതി പാഠകരുടെ പ്രസംഗങ്ങള്‍ക്കിടയില്‍ ആ വാക്കുകള്‍ മുങ്ങിപ്പോകും. പിന്നെ പരാജയം പഠിക്കാന്‍ എകെ ആന്റണി കമ്മറ്റി പോലെ ചില സ്ഥിരം സമിതികളും വരും. പഠനം മാത്രം നടക്കും.
റിപ്പോര്‍ട്ടുകള്‍ അലമാരയില്‍ ഉറങ്ങും. മറ്റൊന്നും സംഭവിക്കില്ല. ഇതാണ് പല തെരഞ്ഞെടുപ്പ് തോല്‍വികളിലും കോണ്‍ഗ്രസില്‍ നടന്നിട്ടുള്ളത്.
നാളെ ചേരുന്ന പ്രവര്‍ത്തക സമിതിയിലും ഇതൊക്കെ തന്നെയാകും സംഭവിക്കാനിടയുള്ളത്. ജി23 നേതാക്കളില്‍ നിന്നും പ്രവര്‍ത്തക സമിതിയില്‍ ഉള്ളത് ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും മാത്രമാണ്. ഇവരുടെ ശബ്ദത്തെ അടിച്ചിരുത്താന്‍ ഇപ്പോഴേ നീക്കങ്ങള്‍ സജീവമാണ്.
നാളെയും പഴയതൊക്കെ ആവര്‍ത്തിച്ചാല്‍ പിന്നെ കോണ്‍ഗ്രസിന് രക്ഷയില്ലെന്നു തന്നെയാണ് സാധാരണ പ്രവര്‍ത്തകര്‍ പോലും പറയുന്നത്.