/sathyam/media/post_attachments/DNysLZeKLnloNbVmFwpS.jpg)
ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ അടുത്ത ഡല്‍ഹി ലഫ്.ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്‌രിവാളിന്റെ ചോദ്യം.
‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ അടുത്ത ഡൽഹി ലഫ്.ഗവർണറായി നിയമിക്കാനാണോ ഒരുക്കം?’-കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. ലക്ഷദ്വീപില്‍ ലഫ്. ഗവര്‍ണര്‍ പദവിയിലിരുന്ന് അടുത്തിടെ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ വലിയ വിവാദമായിരുന്നു. ലക്ഷദ്വീപിലെ ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പ്രഫുല്‍ പട്ടേലിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിന് മുൻപായി പുതിയ ഗവർണറെ നിയമിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. നിലവിൽ ഡൽഹി ലഫ്.ഗവർണറായ അനിൽ ബൈജൽ 2016ലാണ് പദവിയിൽ നിയമിതനായത്.
വിവി പാറ്റ് സൗകര്യത്തോടെയുള്ള വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.