/sathyam/media/post_attachments/UrB2jKI7RQIa4pkjK6Be.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിക്കും പിന്നാലെ പഞ്ചാബിലെ ഭരണവും പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഹിമാചല്‍ പ്രദേശ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് എഎപി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിന്‍ പ്രഖ്യാപിച്ചു.
അടുത്ത മാസം ഷിംലയില്‍ നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും എഎപി മത്സരിക്കും. മന്ത്രി സത്യേന്ദ്ര ജയിനാണ് ശനിയാഴ്ച ഷിംലയിലെ പാര്‍ട്ടി മാര്‍ച്ച് നയിച്ചത്. ഡല്‍ഹിയിലെ എഎപി മന്ത്രിമാര്‍ ഉള്‍പ്പെടെ ഷിംലയില്‍ പ്രചാരണത്തിനുണ്ട്.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കുമെന്നാണ് എഎപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാര്‍ഥികള്‍ എല്ലാ വാര്‍ഡിലും മത്സരിക്കും. കര്‍ണാടകത്തിലെ ഒട്ടേറെ പ്രമുഖര്‍ വൈകാതെ എ.എ.പി.യുടെ ഭാഗമാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എഎപി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ശക്തമായ പ്രചാരണ പരിപാടികള്‍ സംസ്ഥാനത്ത് നടത്താനാണ് നീക്കം.
അതേസമയം, പഞ്ചാബില്‍ മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. 122 പേരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. അകാലിദള്‍, കോണ്‍ഗ്രസ് നേതാക്കളായ നിലവില്‍ എംഎല്‍എമാര്‍ അല്ലാത്തവരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. എന്നാല്‍ പ്രധാന നേതാക്കളുടെ സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റമില്ല.