/sathyam/media/post_attachments/gGVG2pcokfRTYFSGLLjC.jpg)
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും കോണ്‍ഗ്രസിലെ ജി23 നേതാക്കൾ ഡൽഹിയിൽ യോഗം ചേര്‍ന്നു. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിലാണു വ്യാഴാഴ്ച വൈകിട്ട് യോഗം നടന്നത്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഭൂപേന്ദർ ഹൂഡ, ജനാർദൻ ത്രിവേദി, ആനന്ദ് ശർമ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
നേതൃത്വത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി നിർണായക നീക്കങ്ങളുണ്ടായേക്കുമെന്നും ചില നേതാക്കൾ സൂചന നൽകിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്നലെയും ജി 23 നേതാക്കൾ യോഗം ചേർന്നിരുന്നു. അതിന് ശേഷം സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗുലാം നബി ആസാദ്, കോൺഗ്രസ് പ്രവർത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു.
രാഹുൽ ഗാന്ധിയുമായി ഹൂഡ വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു. ഗ്രൂപ്പ് 23 നെ പ്രകോപിപ്പിച്ച് മുന്‍പോട്ട് പോകേണ്ടതില്ലെന്നാണ് ഗാന്ധി കുടംബത്തിന്‍റെ നിലപാട്. അതേസമയം ജി23 നേതാക്കളുടെ നീക്കത്തിനെതിരെ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. ചില നേതാക്കൾ പാർട്ടിക്കെതിരെ പ്രസ്താവനകളിറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.