വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ സജീവമാണ്. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. സാമൂഹിക പ്രവർത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽപ്പെടും. നിലവില്‍ രാജ്യസഭയില്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ ഇവരാണ്.
മഹേഷ് ജഠ്‌മലാനി
നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്ന രഘുനാഥ് മഹാപത്ര അന്തരിച്ച ഒഴിവിലേക്കാണ് മഹേഷ് ജഠ്‌മലാനിയെ നാമനിര്‍ദ്ദേശം ചെയ്തത്. അന്തരിച്ച മുൻകേന്ദ്രമന്ത്രിയും അഭിഭാഷകനുമായിരുന്ന റാം ജഠ്മലാനിയുടെ മകനാണ് സുപ്രീം കോടതി അഭിഭാഷകനായ മഹേഷ്. 2012 വരെ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിലും അംഗമായിരുന്നു.
സോണാൽ മാൻസിംഗ്
പ്രമുഖ നര്‍ത്തകിയായ സോണാല്‍ മാന്‍സിംഗിനെ 2018-ലാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. സാമൂഹിക പ്രവര്‍ത്തകയും പത്മഭൂഷണ്‍ ജേതാവുമായ പൂര്‍ണിമ അര്‍വിന്ദ് പക്വാസയുടെ മകളാണ്. നയതന്ത്രജ്ഞനായിരുന്ന ലളിത് മാന്‍സിംഗായിരുന്നു സോണാലിയുടെ ഭര്‍ത്താവ്. പിന്നീട് വിവാഹമോചിതരാകാന്‍ ഇരുവരും തീരുമാനിച്ചിരുന്നു.
രാം ഷക്കൽ
ഉത്തർപ്രദേശിൽനിന്നുള്ള കർഷക നേതാവായ രാം ഷക്കൽ, റോബർട്ടസ്ഗഞ്ജ് മണ്ഡലത്തെ പ്രതിനിധീകരിച്ചു മൂന്നു തവണ ലോക്സഭാംഗമായിട്ടുണ്ട്. യുപിയിലെ ദലിതു വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാം, തൊഴിലാളികൾക്കിടയിലും കുടിയേറ്റക്കാർക്കിടയിലും പ്രിയങ്കരനാണ്. 2018ലാണ് ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
രാകേഷ് സിൻഹ
ഡല്‍ഹി സർവകലാശാലയിലെ മോട്ടിലാൽ നെഹ്റു കോളജിലെ പ്രഫസറായ രാകേഷ് സിൻഹ അറിയപ്പെടുന്ന എഴുത്തുകാരനുംകൂടിയാണ്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഇന്ത്യൻ പോളിസി ഫൗണ്ടേഷന്റെ’ സ്ഥാപകനും ഡയറക്ടറുമായിരുന്നു അദ്ദേഹം.
തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോർഡ് (2019-2021) അംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം ആഭ്യന്തരകാര്യങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റി അംഗവുമാണ്. രാഷ്ട്രീയ സ്വയംസേവക് സംഘ് സ്ഥാപകനായ കെ.ബി. ഹെഡ്ഗേവാറിന്റെ ജീവചരിത്രം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
രൂപ ഗാംഗുലി
ബംഗാളി, ഹിന്ദി നടിയും ഗായികയുമാണ് രൂപ ഗാംഗുലി. ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് ഇവരായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. 2016 ഒക്ടോബറിൽ, രാഷ്ട്രപതി അവരെ പാർലമെന്റ് അംഗമായി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.
പശ്ചിമ ബംഗാളിൽ ബിജെപി മഹിളാ മോർച്ചയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിനി ആർട്ടിസ്റ്റുകളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയായ പശ്ചിമ ബംഗാൾ മോഷൻ പിക്ചർ ആർട്ടിസ്റ്റ് ഫോറത്തിന്റെ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായുംഅവർ സേവനമനുഷ്ഠിച്ചു.
സ്വപൻ ദാസ് ഗുപ്ത
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ സ്വപൻദാസ് ഗുപ്തയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്‌തത് കഴിഞ്ഞ വര്‍ഷമായിരുന്നു. നേരത്തെ നോമിനേറ്റഡ് രാജ്യസഭാംഗമായിരുന്ന സ്വപൻ ദാസ് രാജിവച്ചാണ് മത്സരിച്ചത്. എന്നാൽ താരകേശ്വറിൽ തൃണമൂൽ സ്ഥാനാർത്ഥി രമേന്ദു സിൻഹയോട് തോൽക്കുകയായിരുന്നു.
സംഭാജി രാജെ
സാമൂഹിക പ്രവര്‍ത്തകനായ സഭാംജി രാജെയെ 2016ലാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 2011-19 കാലഘട്ടത്തിൽ സംവരണത്തിനായുള്ള മറാത്താ പ്രതിഷേധത്തിന്റെ മുഖമായിരുന്നു അദ്ദേഹം. ഛത്രപതി ശിവജിയുടെ പിന്‍തലമുറയില്‍ പെട്ടയാളാണ്.
സുരേഷ് ഗോപി
മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് നടന്‍ സുരേഷ് ഗോപിയുടേത്. 2016-ലാണ് അദ്ദേഹം രാജ്യസഭാംഗമായത്. അടുത്ത മാസം അദ്ദേഹത്തിന്റെ രാജ്യസഭയിലെ കാലാവധി അവസാനിക്കും.
സുബ്രഹ്മണ്യൻ സ്വാമി
ബിജെപി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമി അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും കൂടിയാണ്. രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ് പ്രൊഫസറായിരുന്നു.
അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ കാഴ്ചപ്പാടുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്ലാനിംഗ് കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രശേഖർ മന്ത്രിസഭയിലെ മന്ത്രിമാരിലൊരാളായിരുന്നു.പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ 1994 മുതൽ 1996 വരെ ലേബർ സ്റ്റാൻഡേർഡ്സ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന്റെ അധ്യക്ഷൻ ആയിരുന്നു.
രഞ്ജൻ ഗൊഗോയ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷം രഞ്ജൻ ഗൊഗോയ് നാല് മാസത്തിനുള്ളിൽ രാജ്യസഭ അംഗമായത് അന്ന് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 2020ലാണ് അദ്ദേഹം രാജ്യസഭാംഗമായത്. തനിക്ക് രാജ്യസഭയിൽ അംഗമാകുന്നതിന് ക്ഷണം ലഭിച്ചപ്പോൾ യാതൊരുമടിയും കൂടാതെയാണ് സ്വീകരിച്ചതെന്ന് ഓർമക്കുറിപ്പിൽ ഗൊഗൊയ് എഴുതിയിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ രാജ്യസഭയിൽ ഉയർത്തുന്നതിനുള്ള അവസരമായാണ് താനിതിനെ കണ്ടതെന്നും പുസ്തകത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. 1982 ൽ അസം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയ്ആണ് പിതാവ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തിയുമാണ് ഇദ്ദേഹം
മേരി കോം
പ്രശസ്ത ബോക്‌സിംഗ് താരം മേരി കോമിനെ 2016ലാണ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ആറ് തവണ ലോക അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ഏക വനിത, ആദ്യ ഏഴ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഓരോന്നിലും മെഡൽ നേടിയ ഏക വനിതാ ബോക്സർ, എട്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയ ഏക ബോക്സർ എന്നീ വിശേഷണങ്ങള്‍ ഈ മണിപ്പുര്‍ സ്വദേശിനിക്ക് സ്വന്തം.
ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്‌സറായി. 2018 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്. 2020-ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
നരേന്ദ്ര ജാദവ്
സാമ്പത്തിക ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ വിചക്ഷണൻ, പബ്ലിക് പോളിസി വിദഗ്ദ്ധൻ, പ്രൊഫസർ, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് നരേന്ദ്ര ജാദവ്. ആസൂത്രണ കമ്മീഷനിലും ദേശീയ ഉപദേശക സമിതിയിലും അംഗമായിരുന്നു. സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായും, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്)റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സാമ്പത്തിക ഗവേഷണത്തിന്റെ തലവനായും പ്രവർത്തിച്ചു.
നാല് ഓണററി ഡി.ലിറ്റ് ബിരുദങ്ങളും ഫ്രാൻസ് ഗവൺമെന്റിന്റെ കമാൻഡർ ഓഫ് ദി അക്കാദമിക് പാംസ് പദവിയും ഉൾപ്പെടെ 67 ദേശീയ അന്തർദേശീയ അവാർഡുകൾ ജാദവ് നേടിയിട്ടുണ്ട്.