ആറു സംസ്ഥാനങ്ങളില്‍ നിന്നായി 13 പേര്‍; ഇവര്‍ പുതിയ രാജ്യസഭ അംഗങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പഞ്ചാബിൽ അഞ്ച്, കേരളത്തിൽ മൂന്ന്, ആസാമിൽ രണ്ട്, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഓരോന്നും സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

മുൻനിര നേതാക്കളായ ആനന്ദ് ശർമ്മ, എകെ ആന്റണി, പ്രതാപ് സിംഗ് ബജ്‌വ, ശിരോമണി അകാലിദളിന്റെ നരേഷ് ഗുജ്‌റാൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ വിരമിക്കാൻ പോകുന്ന സാഹചര്യത്തിലാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

അസം, ഹിമാചൽ പ്രദേശ്, കേരളം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഏപ്രിൽ 2 ന് വിരമിക്കുമ്പോൾ പഞ്ചാബിൽ നിന്നുള്ള അഞ്ച് അംഗങ്ങൾ ഏപ്രിൽ 9 ന് വിരമിക്കുന്നു. പതിവ് രീതി അനുസരിച്ച് വോട്ടെണ്ണൽ വൈകുന്നേരം അഞ്ച് മണി മുതൽ നടക്കും.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിരീക്ഷകരെ നിയമിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ കോവിഡ്-19 നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട നിലവിലുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്ത് നിന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാൻ ബന്ധപ്പെട്ട ചീഫ് സെക്രട്ടറിമാരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

അസം:

അസമില്‍ രണ്ട് സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നത്. ബിജെപി പബിത്ര മാർഗരിറ്റയെ നാമനിർദ്ദേശം ചെയ്തു, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി - ലിബറൽ (യുപിപിഎൽ) റുങ്‌വ്ര നർസാരിയെയും നാമനിർദ്ദേശം ചെയ്തു.

കോൺഗ്രസാകട്ടെ റിപുൺ ബോറയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. നിലവിലെ അസമില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായ റാണി നാരയുടെയും റിപുൺ ബോറയുടെയും കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. രാജ്യസഭാ സീറ്റ് നിലനിർത്താൻ കോൺഗ്രസിന് അസം എംഎൽഎമാരുടെ 126 വോട്ടുകളിൽ 42 എണ്ണം വേണം. കോൺഗ്രസിന് 44 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ഹിമാചൽ പ്രദേശ്:

68 സീറ്റുകളുള്ള ഹിമാചൽ അസംബ്ലിയിൽ 43 സീറ്റുകളുള്ള, ബിജെപിയുടെ രാജ്യസഭാ നോമിനി - മുൻ ഹിമാചൽ പ്രദേശ് സർവകലാശാല (എച്ച്പിയു) വൈസ് ചാൻസലർ പ്രൊഫ സിക്കന്ദർ കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കേരളം:

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് സിപിഎമ്മിന്റെ എ.എ. റഹീം, സിപിഐയുടെ പി. സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എ കെ ആന്റണി, എം വി ശ്രേയാംസ് കുമാർ, സോമപ്രസാദ് കെ എന്നിവരാണ് അടുത്ത മാസം രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്.

നാഗാലാൻഡ്:

നാഗാലാന്‍ഡില്‍ നിന്ന് എസ് ഫാങ്‌നോണ്‍ കൊന്യാക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാഗാലാന്‍ഡില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വനിതയാണ് ഈ ബിജെപി നേതാവ്. നാഗാലാൻഡിലെ എംപിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ കെജി കെനി ഏപ്രിൽ രണ്ടിന് വിരമിക്കും.

ത്രിപുര:

സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഡോ. മണിക് സാഹയെ നാമനിർദേശം ചെയ്തു. ഇടതുമുന്നണി സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവ് ഭാനുലാൽ സാഹയെ സ്ഥാനാർഥിയാക്കി. നിയമസഭയിലെ ബിജെപിയുടെ ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കും. നിലവിലെ എംപി ജർണ ദാസ് ബൈദ്യ ഏപ്രിൽ രണ്ടിന് വിരമിക്കും.

പഞ്ചാബ്:

ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ ചുമതലയുള്ള രാഘവ് ഛദ്ദ, ഐഐടി ഡൽഹി പ്രൊഫസർ സന്ദീപ് പതക്, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി ചാൻസലർ അശോക് മിത്തൽ, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ലുധിയാന ആസ്ഥാനമായുള്ള വ്യവസായി സഞ്ജീവ് അറോറ എന്നിവരെയാണ് രാജ്യസഭയിലേക്ക് അയക്കുന്നത്. 5 പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment