കെജ്‌രിവാളിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റാലി അക്രമാസക്തമായി; കൊല്ലാന്‍ ശ്രമമെന്ന് എഎപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: 'കശ്മീര്‍ ഫയല്‍' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സിനിമയില്‍ കശ്മീരി ഹിന്ദുക്കളുടെ കൂട്ടക്കൊല ചിത്രീകരിച്ചതിനെ കേജ്‌രിവാള്‍ പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കെജ്‌രിവാളിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റാലി അക്രമാസക്തമായി. ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ഐപി കോളേജില്‍ നിന്ന് കെജ്‌രിവാളിന്റെ വസതിയിലേക്കായിരുന്നു പ്രകടനം. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് കെജ്‌രിവാളിന്റെ വീടിനു മുന്‍വശത്തുള്ള ഗെയിറ്റ് അടിച്ചു തകര്‍ത്തു.

ഗേറ്റിലും മതിലിലും പെയിന്റ് ഒഴിച്ചു. ബാരിക്കേഡും സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. രാഷ്ട്രീയം വെറും മറ മാത്രമാണെന്നും കൃത്യമായ ക്രിമിനല്‍ കേസാണിതെന്നും സിസോദിയ പറഞ്ഞു.

'ആം ആദ്മി പാര്‍ട്ടിയുടെ വിജയവും പഞ്ചാബിലെ ബിജെപിയുടെ പരാജയവും കെജ്‌രിവാളിനെ കൊലപ്പെടുത്താനുള്ള ആഗ്രഹത്തിന് പിന്നിലുണ്ട്. ബിജെപി ഗുണ്ടകളെ പൊലീസ് ബോധപൂര്‍വം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അഴിച്ചുവിടുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ സിസിടിവി ക്യാമറകളും ബാരിക്കേഡുകളും തകര്‍ത്തെന്നും സിസോദിയ പറഞ്ഞു.

രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചതിന് കെജ്‌രിവാള്‍ മാപ്പ് പറയേണ്ടിവരും. മാപ്പ് പറയുന്നതുവരെ ബിജെപിയും യുവമോര്‍ച്ചയും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

Advertisment