/sathyam/media/post_attachments/kTSCKJaEVH78taaOxDnh.jpg)
ബെംഗളൂരു: ബില്ലുകൾ മാറാൻ മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആരോപണ വിധേയനായ കര്‍ണാടക ഗ്രാമ വികസനമന്ത്രി കെ.എസ്.ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് രാജിക്കത്ത് നല്‍കുമെന്ന് ഈശ്വരപ്പ അറിയിച്ചു.
കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഈശ്വരപ്പയുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പ് ചുമത്തി മന്ത്രിയെ ഒന്നാംപ്രതിയാക്കിയാണ് ഉഡുപ്പി ടൗണ്‍ പോലീസ് കേസെടുത്തത്. മന്ത്രിയുടെ സഹായികളായ ബസവരാജു, രമേഷ് എന്നിവരാണ് മറ്റുപ്രതികള്‍. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയിലാണ് കേസ്.
കരാറുകാരന്‍ സന്തോഷിനെ അറിയില്ലെന്നാണ് മന്ത്രി ഈശ്വരപ്പ ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. 4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷിന്‍റെ വെളിപ്പെടുത്തല്‍.
മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ചൊവ്വാഴ്ച ദില്ലിക്ക് തിരിക്കാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം അറിയിച്ചത്. സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ ആരോപണവിധേയനായ മന്ത്രി ഈശ്വരപ്പയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോതിന് നിവേദനം നല്‍കിയിരുന്നു.