ഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിക്കുന്നു. നിരോധനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സംഘടനയുടെ സമീപകാലത്ത പ്രവർത്തനങ്ങളെ കുറിച്ചുള്ള ദേശീയ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.
നിരോധന തീരുമാനം അടുത്തയാഴ്ച തന്നെയുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലടക്കം വിവിധ സംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് ഈ നീക്കമെന്ന പ്രത്യേകതയും ഉണ്ട്.
2010-ൽ ഇന്റലിജൻസ് ബ്യൂറോ ആദ്യമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് നിരോധിത തീവ്രവാദി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) സഹകരിക്കുന്ന ഇസ്ലാമിക സംഘടനകൾക്കൊപ്പമാണ് പോപ്പുലർ ഫ്രണ്ടിനെ ഉൾപ്പെടുത്തിയിരുന്നത്.
2017-ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആഭ്യന്തര മന്ത്രാലയത്തിന് ഒരു സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് പിഎഫ്ഐയെ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരുന്നു. ബാബറി മസ്ജിദ് തകർച്ചയ്ക്കും തുടർന്നുള്ള കലാപങ്ങൾക്കും ശേഷം 1993-ൽ രൂപീകരിച്ച നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ രണ്ടാമത്തെ രൂപമാണ് പോപ്പുലർ ഫ്രണ്ട് എന്ന് എൻഐഎ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
എൻഡിഎഫ് പിന്നീട് തമിഴ്‌നാട്ടിലെ എംഎൻപി, കർണാടകയിലെ കെഎഫ്ഡി, സിറ്റിസൺസ് ഫോറം (ഗോവ), കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി (രാജസ്ഥാൻ), നഗ്രിക് അധികാര് സുരക്ഷാ സമിതി (ആന്ധ്രപ്രദേശ്) തുടങ്ങിയവയുമായി ലയിച്ച് പിഎഫ്ഐ രൂപീകരിക്കുകയായിരുന്നു.
2006 നവംബറിൽ ബാംഗ്ലൂരിലാണ് പിഎഫ്ഐ രൂപീകരിച്ചത്. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ സംഘടനയും പോപ്പുലർ ഫ്രണ്ടിന്‍റേതാണെന്നും എൻ ഐ എ റിപ്പോർട്ടിൽ ഉണ്ട്.
ബാംഗ്ലൂർ സ്‌ഫോടനക്കേസ്, കേരളത്തിലെ കൈവെട്ട് കേസ്, കേരള ലൗ ജിഹാദ് കേസ് എന്നിവയിൽ ഉൾപ്പെട്ടതിന് പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും എൻഐഎ അവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിലെ അംഗങ്ങൾക്കെതിരായ ചെറിയ കേസുകളിൽ പോലും ഇടപെടാനും പ്രതികരിക്കാനും പിഎഫ്ഐ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പിഎഫ്ഐ പ്രവർത്തകർക്ക് അവരുടെ ശക്തികേന്ദ്രങ്ങളിലെ ചില സ്ഥലങ്ങളിൽ ആയോധന കലകളിലും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനും പരിശീലനം നൽകുന്നുണ്ടെന്നും എൻഐഎ റിപ്പോർട്ടിലുണ്ട്. ഇതിനു പുറമെയാണ് റാം നവമി ആഘോഷങ്ങളിലെ ആക്രമണവും കേരളത്തിൽ ആലപ്പുഴയിലും പാലക്കാടും ഉണ്ടായ സംഭവങ്ങളും.
പാലക്കാട് ഇന്നാണ് അതിക്രമമുണ്ടായതെങ്കിലും ആലപ്പുഴയിൽ ഉണ്ടായ സംഭവം നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
നിലവിൽ പാലക്കാടുണ്ടായ സംഭവത്തിലും കേന്ദ്രം റിപ്പോർട്ടു തേടിയിട്ടുണ്ട്. അതേ സമയം തങ്ങളുടെ പ്രവർത്തനം ഒരു തരത്തിലും രാജ്യവിരുദ്ധമല്ലെന്നു തന്നെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. രാജ്യത്തിനെതിരെ തങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും അവർ പറയുന്നു.