ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ & വീഡിയോ കോള്‍ കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ് മദ്രാസ് ഐഐടിയില്‍ വിജയകരമായി പരീക്ഷിച്ചു. ഈ നെറ്റ്‌വര്‍ക്ക് മുഴുവനായും രൂപകല്‍പന ചെയ്തതും, വികസിപ്പിച്ചതും ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.
'ഐഐടി മദ്രാസില്‍ 5ജി കോള്‍ വിജയകരമായി പരീക്ഷിച്ചു. മുഴുവന്‍ 'എന്‍ഡ് ടു എന്‍ഡ്' നെറ്റ്‌വര്‍ക്കും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചതാണ്''-സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ കൂവില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഫലമാണിത്. ലോകത്തിന് വേണ്ടി ഇന്ത്യയില്‍ തന്നെ ഇതിന്റെ നിര്‍മ്മാണം നടത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഈ മുഴുവന്‍ സാങ്കേതിക ശേഖരവും ഉപയോഗിച്ച് നമുക്ക് ലോകത്തെ ജയിക്കണമെന്നും മന്ത്രി പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് 5ജി സ്‌പെക്‌ട്രം ലേല നിർദ്ദേശം അന്തിമ അനുമതിക്കായി അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടേക്കും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഊർജം, തുടങ്ങിയ മേഖലകളിലെ സേവനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് ട്രായ് ചെയർമാൻ പി ഡി വഗേല പറഞ്ഞു.
ഈ സാഹചര്യത്തിൽ, നയങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തുന്നതിന് വിവിധ മേഖലകൾക്കിടയിൽ സഹകരണപരമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മദ്രാസ് ഐഐടിയിൽ രാജ്യത്തെ ആദ്യത്തെ 5ജി ടെസ്റ്റ് ബെഡ് ഉദ്ഘാടനം ചെയ്തിരുന്നു.