Advertisment

എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യാന്‍ വേണ്ടി ചിന്തിക്കണം, എല്ലാ പ്രതിപക്ഷപാര്‍ട്ടികളേയും 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിക്കെതിരേ പോരാടാനായി ഒന്നിപ്പിക്കുകയാണ് ലക്ഷ്യം; അതില്‍ കോണ്‍ഗ്രസും ഉണ്ടാവുമെന്നാണ് പ്രതീക്ഷ! മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്ന് കപില്‍ സിബല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ലെന്നും കപില്‍ സിബല്‍. മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വിടാനെടുത്ത തീരുമാനത്തെക്കുറിച്ചു ദേശീയമാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമുയരേണ്ട സമയമായെന്ന് തോന്നി. അതനുസരിച്ചാണ്‌ അഖിലേഷ് യാദവിനെ സമീപിച്ചത്. തന്റെ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും അതു തമാശയായി ചിത്രീകരിക്കപ്പെടാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഏതെങ്കിലുമൊരു പാര്‍ട്ടി കുപ്പായത്തില്‍ മാത്രം തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും സിബല്‍ പറഞ്ഞു.

ജീവിതത്തിൽ ഒന്നിനെക്കുറിച്ചും ഭയപ്പെട്ടിട്ടില്ല. എന്തു പറയുന്നു അതിൽ വിശ്വസിക്കും. എന്തിൽ വിശ്വസിക്കുന്നോ അതു പറയും. എനിക്ക് ഒന്നിനെക്കുറിച്ചും പേടിക്കേണ്ടതില്ല. പറയാനുള്ളവർക്ക് എന്തും പറയാം. എല്ലാ കാലവും ഇതുപോലെ പോവാനാവില്ല. എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യാന്‍ വേണ്ടി ചിന്തിക്കണം.

എല്ലാ പ്രതിപക്ഷപാര്‍ട്ടികളേയും 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിക്കെതിരേ പോരാടാനായി ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതില്‍ കോണ്‍ഗ്രസും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. എല്ലാവരെയും ഉൾപ്പെടുത്തുന്ന ഇന്ത്യ എന്ന ആശയമാണ് പിന്തുടരുന്നത്. അതാണ് ഇന്ത്യയുടെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.

Advertisment