ന്യൂഡല്‍ഹി: എന്നും ഏറ്റവും ഉച്ചത്തിൽ ഉയരുന്ന പ്രതിഷേധത്തിന്റെ ശബ്ദത്തെ ഇല്ലാതെയാക്കുക എന്ന ബി.ജെ.പി. സർക്കാരിന്റെ അജണ്ടയാണ് രാഹുൽ ഗാന്ധിക്കെതിരെ നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്നതെന്ന് ഹൈബി ഈഡൻ എംപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹൈബിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്:
രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ, അരാജകത്വം നടമാടുമ്പോൾ സംഘപരിവാറിന്റെ ഹിന്ദുത്വ തീവ്രവാദത്തെയും ഈ ഫാസിസ്റ്റ് ഭരണകൂടത്തെയും മുൾമുനയിൽ നിർത്തുന്ന ഒരേ ഒരു പ്രതിപക്ഷ സ്വരം രാഹുൽ ഗാന്ധിയുടേതാണ്. ആദ്യമായല്ല അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ നോക്കുന്നത്.
ഗാന്ധിയെ വധിച്ചത് ആർ.എസ്.എസ്.ആണെന്ന് പറഞ്ഞപ്പോൾ, ഹത്രാസിൽ, കത്വയിൽ, ഉന്നാവിൽ, ലഖിമ്പൂരിൽ എല്ലാം ഭരണകൂട ഭീകരത അഴിഞ്ഞാടിയപ്പോൾ അതിനെതിരെ പ്രതിരോധം തീർത്ത രാഹുലിനെ അടിച്ചമർത്താൻ നോക്കി. ഇപ്പോൾ നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്നതും എന്നും ഏറ്റവും ഉച്ചത്തിൽ ഉയരുന്ന ആ പ്രതിഷേധത്തിന്റെ ശബ്ദത്തെ ഇല്ലാതെയാക്കുക എന്ന ബി.ജെ.പി. സർക്കാരിന്റെ അജണ്ടയാണ്.
ഓടി ഒളിച്ചല്ല, സധൈര്യം ചോദ്യങ്ങൾക്കു മുന്നിൽ ഇരുന്നു കൊടുത്ത് കൊണ്ട്, ഒരു മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു കൊണ്ട് രാഹുൽ ഇന്ന് നടത്തുന്ന പോരാട്ടവും ആ ഭരണകൂടത്തെ അസ്വസ്ഥമാക്കുകയാണ്. ആ അസ്വസ്ഥതയാണ് എ.ഐ.സി.സി. ആസ്ഥാനത്തു പോലും കടന്നു കയറുന്ന പോലീസ് രാജിലൂടെ പുറത്തു വരുന്നത്.
ഇന്ത്യയെന്ന ആശയത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്ന ഈ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു സമ്മർദ്ദത്തിനും വഴങ്ങാതെ ഈ ഫാസിസ്റ്റ് സർക്കാരിനെ നെഞ്ചു വിരിച്ചു നേരിടും. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കരുത്തോടെ. ഐക്യദാർഢ്യം!