Advertisment

ഒളിമ്പിക്‌സിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയുടെ അഭിമാനമായ താരം; ഭാരോദ്വഹനത്തിലെ വനിതാക്കരുത്ത് സൈഖോം മീരാഭായ് ചാനുവിന്റെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് ബിഎസ്എഫ്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഇംഫാല്‍: ഭാരോദ്വഹനത്തിലെ മിന്നും പ്രകടനം കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ സൈഖോം മീരാഭായ് ചാനുവിന് ഇന്ന് (ഓഗസ്റ്റ് എട്ട്) 28-ാം ജന്മദിനം. മണിപ്പൂരിലെ ഇംഫാൽ നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള നോങ്‌പോക്ക് കാക്‌ചിംഗിൽ 1994 ഓഗസ്റ്റ് 8 ന് ഒരു മെയ്തേയ് കുടുംബത്തിലാണ് സൈഖോം മീരാഭായ് ചാനു ജനിച്ചത്.

അമ്പെയ്ത്തുകാരിയാകാന്‍ ആഗ്രഹിച്ച ബാല്യം

ബാല്യത്തില്‍ അമ്പെയ്ത്തുകാരിയാകാന്‍ ആഗ്രഹിച്ച ചാനുവിന് കാലം കാത്തുവച്ച നിയോഗം മറ്റൊന്നായിരുന്നു. ചെറുപ്പത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് ചാനു കായികലോകത്തേക്ക് പിച്ചവെയ്ക്കുന്നത്. എന്നാല്‍ ശരീരം മുഴുവന്‍ ചെളികൊണ്ട് നിറഞ്ഞപ്പോള്‍ ചാനു ഒന്നു തീരുമാനിച്ചു. ഫുട്‌ബോള്‍ വേണ്ട, ശരീരത്തില്‍ ചെളി പറ്റാത്ത ഏതെങ്കിലും കായിക ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെയാണ് അമ്പെയ്ത്തിനോട് താത്പര്യം വന്നത്.

ആയിടയ്ക്കാണ് ചാനു മണിപ്പുരി ഭാരോദ്വഹകയായ കുഞ്ജറാണി ദേവിയുടെ ചിത്രങ്ങള്‍ കാണാനിടയായത്. അത് ചാനുവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അമ്പെയ്ത്തിനോടുള്ള മോഹം വെടിഞ്ഞ് ഭാരോദ്വഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചാനു തീരുമാനിച്ചു.

ഭാരോദ്വഹനത്തിലേക്ക്‌

ഇംഫാലിലെ സർക്കാർ കോച്ചിങ് കേന്ദ്രത്തിൽ പ്രവേശനം നേടിയതോടെ തുടങ്ങുന്നു മീരാഭായ് ചാനുവിന്റെ ഭാരോദ്വഹന ജീവിതം. കുട്ടിയായിരിക്കുമ്പോൾ വനത്തിനുള്ളിൽനിന്നു വിറകുപെറുക്കിയാണു മീര ഭാരോദ്വഹനത്തിലെ ‘പരിശീലനം’ തുടങ്ങിയതെന്നാണു സഹോദരൻ ബയോന്ത മീട്ടെ പറയുന്നത്.

എല്ലാ ദിവസവും 20 കിലോമീറ്റർ ദൂരം താണ്ടിയാണു ചാനു ഇംഫാലിലെ പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. 2009ലായിരുന്നു ആദ്യ ദേശീയ ചാംപ്യൻഷിപ് നേട്ടം. 2012ൽ ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്തതോടെ രാജ്യാന്തര പകിട്ടിലേക്ക്.

ടോക്യോ ഒളിമ്പിക്‌സ്‌ & ബെര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ്‌

ടോക്യോ ഒളിമ്പിക്‌സിൽ 49 കിലോഗ്രാം വിഭാഗത്തിൽ മൊത്തം 202 കിലോ ഉയർത്തി ചാനു വെള്ളി മെഡൽ നേടി. ഇന്ന് (ഓഗസ്റ്റ് എട്ട്) സമാപിച്ച ബെര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ മെഡല്‍ നേടിയത് ചാനുവായിരുന്നു.

49 കിലോ ഭാരോദ്വഹനത്തിലാണ്‌ മീരാഭായ് ചാനു സ്വർണം നേടിയത്. ഗെയിംസ് റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഭാരമാണ് ചാനു ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും ചാനു നേടിയിരുന്നു. മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു, ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.

ജന്മദിന ആഘോഷത്തില്‍ ബിഎസ്എഫ്‌

ഇന്ന് മണിപ്പൂരില്‍ നടന്ന ജന്മദിന ആഘോഷത്തില്‍ ബിഎസ്എഫും ഭാഗമായി. ബിഎസ്എഫ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

Advertisment