Advertisment

ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ രാജ്യം; ഓര്‍മിക്കാം ഈ ധീരവനിതകളെ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഗസ്റ്റ് 8 നാണ്‌ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തുന്നത്. 80 വര്‍ഷം മുമ്പ്, അതായത് 1942 ഓഗസ്റ്റ് എട്ടിന്‌ 1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി.

ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം മുഴക്കി ഗാന്ധിജിയുടെ നേതൃത്വത്തിലാണ് ഈ ഐതിഹാസിക സമരം നടന്നത്. സാമ്രാജ്യത്വത്തെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1942 ആഗസ്റ്റ് 9 ന് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.

ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന്‌ (ആഗസ്റ്റ് 9) 80 വയസ് തികയുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാനമായ ഒരേടാണ് ക്വിറ്റ് ഇന്ത്യ. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായ ചില ധീരവനിതകളെ ഓര്‍ക്കാം:

കനകലത ബറുവ

ആസ്സാമിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര പ്രവർത്തക ആയിരുന്നു കനകലത ബറുവ (ജനനം 22 ഡിസംബർ 1924 - മരണം 20 സെപ്തംബർ 1942). ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു നടന്ന ഒരു ജാഥയിൽ പങ്കെടുക്കവേ കനകലത പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ധൈര്യശാലി എന്നർത്ഥം വരുന്ന ബീർബല എന്നും ഇവർ അറിയപ്പെടുന്നു.

ആസ്സാമിലെ കോൺഗ്രസ്സ് യുവജനവിഭാഗം രൂപീകരിച്ച മൃത്യു ബാഹിനി എന്ന സംഘടനയിലൂടെയാണ് കനകലത രാഷ്ട്രീയരംഗത്തേക്കു പ്രവേശിക്കുന്നത്. 1942 സെപ്തംബർ 20 ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ദേശീയ പതാക ഉയർത്താൻ ബാഹിനി തീരുമാനിച്ചു. കനകലതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സമാധാനപരമായി സ്റ്റേഷനിലേക്കു മാർച്ചു നടത്തി. പോലീസിന്റെ വിലക്കു വകവെക്കാതെ, സംഘം പോലീസ് സ്റ്റേഷനെ ലക്ഷ്യമാക്കി തന്നെ മുന്നേറി. ജാഥക്കു നേരെ പോലീസ് വെടിയുതിർത്തു. വെടിവെപ്പിൽ കനകലത മരണമടഞ്ഞു.

മാതംഗിനി ഹസ്ര

നിസ്സഹകരണ പ്രസ്ഥാനത്തിലെയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലെയും പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു മാതംഗിനി ഹസ്ര. 'ഗാന്ധി ബുരി' എന്നറിയപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കു വഹിച്ച ബംഗാളി വനിതയാണ് മാതംഗിനി ഹസ്ര (1870-1942). 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനിടക്ക് ബ്രിട്ടീഷു സായുധ പോലീസിന്റെ വെടിയേറ്റു മരിച്ചു. 'വന്ദേമാതരം' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അവര്‍ മരണം വരിച്ചത്.

അരുണ ആസഫ് അലി

അരുണ ആസാഫ് അലി നൽകിയ സംഭാവനകളെ പരാമർശിക്കാതെ ക്വിറ്റ് ഇന്ത്യയെക്കുറിച്ചുള്ള ഏതെങ്കിലും ചർച്ച അപൂർണ്ണമാണ്. ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാക ഉയർത്തി ശ്രദ്ധേയയായി.

ഉപ്പുസത്യാഗ്രഹ വേളയിൽ അറസ്റ്റ് വരിച്ചു. 1931 ലെ ഗാന്ധി-ഇർവിൻ ഉടമ്പടിക്ക് ശേഷം എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിച്ചപ്പോഴും അവർ ജയിലിൽ തുടർന്നു. 1932 ൽ തിഹാർ ജയിലിലെ രാഷ്ട്രീയ തടവുകാരോടുള്ള നിസ്സംഗതയിൽ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തി വിജയംകണ്ടു.

1942 ഓഗസ്റ്റ് 8-ന്‌ എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 9ന്‌ അരുണ ആസഫ് അലി സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു. 1997-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.

സുചേത കൃപലാനി

ക്വിറ്റ് ഇന്ത്യ സമരത്തിലെ മറ്റൊരു ശ്രദ്ധേയ സ്ത്രീ സാന്നിധ്യമായിരുന്നു സുചേത കൃപലാനി. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്. ഉത്തര്‍പ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ അവര്‍ 1963 മുതല്‍ 67 വരെ അധികാരത്തിലിരുന്നു.

1908 ജൂണ്‍ 25ന് ഒരു ബംഗാളി കുടുംബത്തിലാണ് സുചേതയുടെ ജനനം. സോഷ്യലിസ്റ്റു നേതാവായിരുന്ന ആചാര്യ ജെ.ബി. കൃപലാനിയെ വിവാഹം കഴിച്ച സുചേത, പിന്നാലെ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനിതാ വകുപ്പിന്റെ ആദ്യനേതാവ് എന്ന ബഹുമതിയും അവര്‍ക്കാണ്.

താരാ റാണി ശ്രീവാസ്തവ

താരാ റാണി ശ്രീവാസ്തവ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത വനിതയുമായിരുന്നു. ബീഹാറിലെ സരൺ ജില്ലയിലാണ് താരാറാണിയും അവരുടെ ഭർത്താവായിരുന്ന ഫൂലേന്ദു ബാബുവും ജീവിച്ചിരുന്നത്.

1942-ൽ താരാ റാണിയും അവരുടെ ഭർത്താവും ബീഹാറിലെ സിവാനി പട്ടണത്തിൽ ഒരു പോലീസ് സ്റ്റേഷനു നേരേ മാർച്ച് നടത്തുന്നതിനു നേതൃത്വം കൊടുക്കുകയും ഈ മാർച്ചിനു നേർക്ക് പൊലീസ് വെടിയുതിർക്കുകയും ചെയ്തു. ഈ വെടി വയ്പ്പിൽ ഭർത്താവിനു വെടിയേറ്റുവെങ്കിലും പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ട് ജനക്കൂട്ടത്തെ നയിക്കൽ അവർ തുടർന്നു.

പോലീസ് സ്റ്റേഷനിലെ മേൽക്കൂരയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതിൽ അവർ വിജയിച്ചു. പിന്നീട് സംഭവ സ്ഥലത്തു തിരിച്ചു ചെന്ന അവർക്ക് ഭർത്താവു മരണപ്പെട്ട കാഴ്ചയാണു കാണുവാൻ സാധിച്ചത്.

Advertisment