ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ മുലായത്തിൻ്റെ ജന്മനഗരമായ സൈഫയിൽ ആയിരുന്നു സംസ്കാരം ചടങ്ങുകൾ.
നൂറുകണക്കിനു പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. സംസ്ഥാന ബഹുമതികളോടെ നടന്ന ചടങ്ങിൽ മകൻ അഖിലേഷ് യാദവാണ് ചിതയ്ക്കു തീകൊളുത്തിയത്. ദേശീയരാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുത്തു. മുലായത്തിന്റെ കുടുംബവീട്ടിൽനിന്ന് ശ്മശാനത്തിലേക്കുള്ള വിലാപയാത്രയിൽ അണിനിരന്ന ആയിരക്കണക്കിനു പ്രവർത്തകർ ‘നേതാജി അമർ രഹേ’ മുദ്രാവാക്യങ്ങൾ മുഴക്കി.
#WATCH | Last rites of Samajwadi Party (SP) supremo and former Uttar Pradesh CM Mulayam Singh Yadav being performed at his ancestral village, Saifai in Uttar Pradesh pic.twitter.com/nBUezhZqq1
— ANI (@ANI) October 11, 2022
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ മുലായത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സൈഫയിലെ പൊതുമൈതാനത്ത് ഇന്ന് രാവിലെ മുതൽ ജനങ്ങൾക്കായി പൊതുദർശനത്തിന് അവസരമൊരുക്കി. ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള അടക്കമുള്ള നേതാക്കൾ മുലായത്തിന് ഇവിടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തത്. തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, കോൺഗ്രസ് നേതാവ് കമൽനാഥ്, നടൻ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ ഉൾപ്പെടെ നിരവധി പേർ മുലായത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തി.