തണുത്തുറഞ്ഞ് ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും, താപനില 5 ഡിഗ്രി സെൽഷ്യസ്; റോഡിലെ വാഹനങ്ങൾ തമ്മിൽ കാണാൻ കഴിയാത്തത്ര മൂടൽമഞ്ഞ്; ശ്വാസംമുട്ടൽ, ചുമ, കണ്ണ് എരിച്ചിൽ എന്നിവ കൊണ്ട് സഹികെട്ട് മലയാളികളും; വിമാനങ്ങൾ ലാൻഡ് ചെയ്യാനാവാതെ നട്ടംതിരിയുന്നു! ഉത്തരേന്ത്യയിൽ ഇത് ദുരിതത്തിന്റെ ശീതകാലം

New Update

publive-image

ന്യൂഡൽഹി: അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താഴ്‍ന്ന താപനിലയിൽ തണുത്തുറഞ്ഞ് ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. റോഡിലെ വാഹനങ്ങൾ തമ്മിൽ കാണാൻ കഴിയാത്തത്ര മൂടൽമഞ്ഞാണ് ഈ സംസ്ഥാനങ്ങളിൽ. അതിനാൽ ഗതാഗതം കടുപ്പമാണ്. ശ്വാസംമുട്ടൽ, ചുമ, കണ്ണ് എരിച്ചിൽ എന്നിവ കൊണ്ട് സഹികെട്ടിരിക്കുകയാണ് മലയാളികൾ. രാജ്യ തലസ്ഥാനത്തടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യവും മൂടൽമഞ്ഞും കനത്തതോടെ ജനജീവിതത്തെ ബാധിക്കുകയാണ്.

Advertisment

ഇന്നലെ രാവിലെ ഡൽഹിയിലെ കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത ദിവസങ്ങളിൽ ഇത് 5 ഡിഗ്രി സെൽഷ്യസ് ആയി കുറയും. ഇന്നലെ രാവിലെ ഡൽഹിയെ മൂടൽ മഞ്ഞ് മൂടി. ഡൽഹിയിൽ ദൂരക്കാഴ്ച്ച 150 മീറ്റർ വരെയായി. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശ്വാസംമുട്ടൽ, ചുമ, കണ്ണ് എരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ഐ.എം.ഡി അറിയിച്ചു.


ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ പല ഭാഗത്തും കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെട്ടത്. മൂടൽമഞ്ഞ് റെയിൽ, റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.


വിമാനസർവ്വീസുകളെ നിലവിൽ ഡൽഹിയിൽ ബാധിച്ചിട്ടില്ല. സാധാരണ നിലയിൽ പ്രവർത്തിക്കുമ്പോഴും യാത്രാസമയമടക്കമുള്ള വിവരങ്ങൾക്കായി യാത്രക്കാർ വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെടണമെന്ന് ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവള അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വാരണാസി, ലഖ്‌നൗ, ചാണ്ഡീഗഡ് വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ട പല വിമാനങ്ങളും ഡൽഹിയിലേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്.

ഡൽഹിയിൽ നിന്നുള്ള റെയിൽ ഗതാഗതത്തെ കനത്ത മൂടൽമഞ്ഞ് സാരമായി ബാധിച്ചു കഴിഞ്ഞു. ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന 20 തീവണ്ടികൾ വൈകിയാണ് യാത്ര പുറപ്പെട്ടത്. കനത്ത മൂടൽമഞ്ഞിനെ തുടർന്നുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് ഗതാഗതത്തിലും നിയത്രണമേർപ്പെടുത്തി. ബസ് ഗതാഗതത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. നോയിഡ ഡിപ്പോയിൽ നിന്ന് ബസുകൾ രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ സർവ്വീസ് നടത്തില്ല. ഭൂരിപക്ഷം ബസുകളുടെയും റിസർവ്വേഷൻ തത്ക്കാലം നിറുത്തി വെച്ചു.


പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.


പഞ്ചാബിൽ ജനവരി 21 വരെ സ്കൂളുകൾ രാവിലെ 10 മണിക്കേ തുറക്കുവെന്ന് അധികൃതർ പറഞ്ഞു. സാധാരണ പോലെ വൈകിട്ട് മൂന്ന് മണി വരെ പ്രവർത്തിക്കും. പഞ്ചാബിൽ രാവിലെ 9 മണിക്കായിരുന്നു സ്കൂളുകൾ തുറന്നിരുന്നത്. ഗാസിയാബാദിലെ സ്കൂളുകളിലെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ്സുകൾ രാവിലെ ഒമ്പതിന് മാത്രമെ ആരംഭിക്കുവെന്ന് അധികൃതർ അറിയിച്ചു. മദ്രസ വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാകും.

സ്കൂൾ വാഹനങ്ങൾ അതിരാവിലെ പുറപ്പെടുമ്പോൾ മൂടൽ മഞ്ഞ് കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് സമയത്തിൽ മാറ്റം വരുത്തിയത്. ഇന്ന് മുതൽ ഈ സമയക്രമം പ്രാബല്യത്തിൽ വരും. ഹരിയാനയിൽ ഒറ്റ ഷിഫ്റ്റുള്ള സ്കൂളുകൾ രാവിലെ 9.30 മുതൽ 3:30 വരെ പ്രവർത്തിക്കും. രണ്ട് ഷിഫ്റ്റുകളുള്ള സ്കൂളുകളിൽ ആദ്യ ഷിഫ്റ്റ് രാവിലെ 7.55 മുതൽ 12.30 വരെയും രണ്ടാം ഷിഫ്റ്റ് 12.40 മുതൽ 5.15 വരെയും പ്രവർത്തിക്കും

Advertisment