ന്യൂഡൽഹി: അദാനി പൊട്ടിയാൽ ഇന്ത്യൻ ഓഹരി വിപണി മാത്രമല്ല തകരുക. ഇന്ത്യയിലെ പ്രധാന ബാങ്കായ എസ്.ബി.ഐ ഉൾപ്പെടെയുളള മുൻനിര ബാങ്കുകൾ ഉൾപ്പെടെ പലതും പിന്നാലെ പൊട്ടും. പൂക്കുറ്റി പോലുളള അദാനി കമ്പനികളുടെ വളർച്ചയുടെ മോഹവലയത്തിൽ വീണ് പണം നിക്ഷേപിച്ച ലക്ഷക്കണക്കിന് നിക്ഷേപകരും പിച്ചപ്പാളയെടുക്കേണ്ടി വരും. അതോടെ ഇപ്പോൾത്തന്നെ മാന്ദ്യത്തിൻെറ ഭീഷണി നേരിടുന്ന ഇന്ത്യൻ സമ്പദ് രംഗവും പ്രതിസന്ധിയിലാകാനാണ് സാധ്യത.
ഇങ്ങനെയൊക്കെ നാനാവിധത്തിൽ സമ്പദ് വ്യവസ്ഥയുമായും വാണിജ്യ മേഖലയുമായും ബന്ധപ്പെട്ട് കിടക്കുന്ന അദാനി സാമ്രാജ്യത്തിനെ തകരാൻ കേന്ദ്രസർക്കാർ തയാറാകുമോ എന്ന യുക്തി മാത്രമാണ് നിക്ഷേപകരുടെ ഏക കച്ചിത്തുരുമ്പ്.
മോദി സർക്കാരിൻെറ വികസന കാഴ്ചപ്പാടിൻെറ പതാക വാഹകനായ ഗൗതം അദാനിയെ തകരാൻ വിടാതെ കാക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന് ഉളളതിനാൽ അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനത്തിൻെറ റിപ്പോർട്ടിൽ സെക്യൂരിറ്റീസ് അന്റ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോ ( സെബി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ( ആർ.ബി.ഐ) ഒരു അന്വേഷണവും നടത്താൻ പോകുന്നില്ല.
നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാൻ ബാധ്യതയുളള സെബി വസ്തുതാന്വേഷണം എങ്കിലും നടത്തേണ്ടതാണെങ്കിലും കേന്ദ്ര താൽപര്യം മുൻനിർത്തി അതിനൊരുമ്പെട്ടേക്കില്ല. അതുകൊണ്ടുതന്നെ ഹിൻഡർബർഗ് റിപ്പോർട്ടിൻെറ ചുവടുപിടിച്ചുളള ഓഹരി വിപണിയിലെ തകർച്ച താൽക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
കൽക്കരി,സിമന്റ് നിർമ്മാണം തുടങ്ങിയ നിർണായക മേഖലകളിലാണ് അദാനിയുടെ പ്രധാന നിക്ഷേപം എന്നതിനാൽ അദാനി ഗ്രൂപ്പിന് ശക്തമായ സാമ്പത്തിക അടിത്തറയുണ്ടെന്നും വിദഗ്ധർ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തുവന്ന കടക്കെണി റിപ്പോർട്ടിനെ അതിജീവിച്ചാണ് അദാനി ഗ്രൂപ്പ് വളർച്ചയുടെ പടവുകൾ കയറിയതെന്ന ചരിത്രവും നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് അദാനി ഗ്രൂപ്പിനുണ്ടായ വളർച്ചയിൽ സംശയം പ്രകടിപ്പിക്കുന്നവരും ഓഹരിരംഗത്തുണ്ട്. മൂല്യം പെരുപ്പിച്ച് കാണിച്ചാണ് വളർച്ച നേടിയതെന്ന അമേരിക്കൻ റിസർച്ച് ഗ്രൂപ്പിൻെറ റിപ്പോർട്ട് തളളിക്കളയാനാവില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കൻ റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിൻെറ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തുമ്പോൾ ചങ്കിടിക്കുന്നത് ഗൗതം അദാനിയിൽ വിശ്വസിച്ച് നിക്ഷേപം നടത്തിയവർ മാത്രമല്ല, ഇന്ത്യയുടെ ' ഔദ്യോഗിക' ബാങ്കായ എസ്.ബി.ഐ കൂടിയാണ്. എസ്.ബി.ഐയുടെ വായ്പകളുടെ നാൽപ്പത് ശതമാനവും അദാനി കമ്പനികളിലാണ്.
അദാനി ഗ്രൂപ്പിൻെറ കമ്പനിക്ക് വായ്പാ തിരിച്ചടവിന് അസൗകര്യം നേരിട്ടപ്പോൾ അവരുടെ വായ്പയിൽ നിന്ന് 5000 കോടി റീഫിനാൻസ് അനുവദിച്ച ഉദാര മനസ്കരാണ് എസ്.ബി.ഐ!
മുൻനിര ബാങ്കുകളിൽ നിന്ന് വായ്പ വാങ്ങിയിരിക്കുന്ന കമ്പനികളെല്ലാം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളാണ്. അദാനി തകർന്നാൽ എസ്.ബി.ഐ മുച്ചൂടും മുടിയുമെന്നാണ് ആശങ്ക. അദാനിയുടെ തകർച്ച എൽ.ഐ.സിയുടെയും നെഞ്ചിടിപ്പേറ്റുന്നുണ്ട്. 77000 കോടി രൂപയുടെ നിക്ഷേപമാണ് എൽ.ഐ.സിക്ക് അദാനി ഗ്രൂപ്പിലുളളത്. ഓഹരി മൂല്യം ഇടിയുമ്പോൾ എൽ.ഐ.സിയുടെ നിക്ഷേപമൂല്യവും കുറയുകയാണ്. 77000 കോടിയുടെ മൂല്യം ഇടിഞ്ഞ് 53000 കോടിയിലേക്ക് എത്തിയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.