/sathyam/media/post_attachments/ZpdnlMSpVwy4V2PLlrwm.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസ് ആണെന്ന് ഐ.സി.എം.ആർ. ഇൻഫ്ലുവൻസ വൈറസിന്റെ മറ്റു സബ്ടൈപ്പുകളെ അപേക്ഷിച്ച് ആശുപത്രിവാസം കൂടുതൽ എച്ച്3എൻ2 വൈറസ് മൂലമുണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പു നൽകി.
കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി എച്ച്3എൻ2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആർ അധികൃതർ വ്യക്തമാക്കി.
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം എച്ച്3എൻ2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ രോഗബാധിതരിൽ 16 ശതമാനം പേർക്കും ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി.
കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു. മറ്റ് ഇൻഫ്ലുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.