കൈക്കൂലിക്കേസിൽ ഒന്നാം പ്രതി: ഒളിവില്‍ പോയ കര്‍ണാടക ബിജെപി എംഎല്‍എ എം.വിരുപാക്ഷപ്പയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി

New Update

ബെംഗളൂരു: കൈക്കൂലിക്കേസിൽ ഒന്നാം പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കര്‍ണാടക ബിജെപി എംഎല്‍എ എം.വിരുപാക്ഷപ്പയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി ലോകായുക്ത പൊലീസ്. എംഎല്‍എയെ കണ്ടെത്താന്‍ 7 സംഘങ്ങളെ നിയോഗിച്ചു. ലോകായുക്ത പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് എംഎൽഎ ഒളിവിൽ പോയത്. അതിനിടെ, വിരുപാക്ഷപ്പ ഇന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

Advertisment

publive-image

അതേസമയം, വിരുപാക്ഷപ്പ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ കരാറുകളില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി.

300 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. അതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ 11 വരെയാണു ബന്ദ്. കൈക്കൂലിക്കേസിൽ പ്രതിയായ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

ലോകായുക്ത പൊലീസിന്റെ മിന്നൽ റെയ്ഡിൽ എം.വിരുപാക്ഷപ്പയുടെ മകന്റെ വീട്ടിൽ നിന്നടക്കം 8 കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. കെഎസ്ഡിഎൽ ഓഫിസിൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മകൻ പ്രശാന്ത് ആണ് കേസിലെ രണ്ടാം പ്രതി. ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതായി മുഖ്യമന്ത്രിക്കു കത്തയച്ചതിനു ശേഷമാണ് എംഎൽഎ സ്ഥലം വിട്ടത്.

Advertisment