മുംബൈ: മുംബൈയില്‍ ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചുവെന്ന വ്യാജേന കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ദിനേശ് തക്‌സാലെ, അനിൽ ലട്‌കെ, വിജയ് മാൽവാഡെ എന്നിവരാണ് പിടിയിലായത്. എൽഐസി ഓഫീസർ ഓംപ്രകാശ് സാഹുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് ഡിസിപി മനോജ് പാട്ടീൽ പറഞ്ഞു.
2015 ഏപ്രിൽ 21 ന് ദിനേശ് തക്‌സാലെ എന്നയാൾ എൽഐസിയിൽ നിന്ന് രണ്ട് കോടി രൂപയുടെ പോളിസി എടുത്തതായും തുടർന്ന് പ്രതി ഒരു വർഷത്തോളം പ്രീമിയം കൃത്യസമയത്ത് അടച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അതിനുശേഷം 2017 മാർച്ച് 14 ന്, ഈ കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ, പൂനെയിലെ ബെൽവണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസംബർ 25 ന് വാഹനാപകടത്തിൽ ദിനേശ് മരിച്ചുവെന്ന് കാണിച്ച് ഇൻഷുറൻസ് ക്ലെയിമിന് അപേക്ഷിച്ചു.
ഈ അപേക്ഷ ലഭിച്ചതോടെ എൽഐസി അന്വേഷണം തുടങ്ങി, ഏകദേശം 6 വർഷത്തെ അന്വേഷണത്തിനൊടുവിൽ ദിനേശ് മരിച്ചിട്ടില്ലെന്ന് എൽഐസി മനസ്സിലാക്കി. എൽഐസിയുടെ പോളിസി വാങ്ങാൻ ദിനേശ് നൽകിയ രേഖകളും വ്യാജമാണെന്ന് അന്വേഷണത്തിൽ മനസ്സിലായി.