ഭക്ഷ്യ ക്ഷാമം രൂക്ഷമായി പാക്കിസ്ഥാൻ; അരി ചാക്കിനായി തമ്മില്‍ തല്ല്

New Update

publive-image

കറാച്ചി: പാക്കിസ്ഥാനില്‍ ഭക്ഷ്യ-ശുദ്ധജല ക്ഷാമങ്ങള്‍ രൂക്ഷമാകുന്നു. പെഷാവറില്‍ സൗജന്യ ധാന്യവിതരണത്തിനായി എത്തിയ ട്രക്കുകള്‍ ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ അടക്കമുള്ളവ സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ ലഭിക്കാത്തവര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.

Advertisment

പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനായി എത്തിയവര്‍ തിക്കിലും തിരക്കിലുപ്പെട്ട് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളടക്കം 11 പേര്‍ കഴിഞ്ഞദിവസങ്ങളില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാസിലബാദ്, മുള്‍ട്ടന്‍ മേഖലകളിലുണ്ടായ തിക്കിലും തിരക്കിലും 60ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ധാന്യ ചാക്കുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

പഞ്ചാബ് പ്രവിശ്യയില്‍ അനിയന്ത്രിതമായ തിരക്കുകള്‍ കണക്കിലെടുത്ത് സൗജന്യ ധാന്യവിതരണത്തിന് സമയം നിശ്ചയിച്ചെങ്കിലും വന്‍ജനക്കൂട്ടമാണ് എത്തിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സൈന്യം ഇടപെടുന്നതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ അന്തര്‍ദേശീയ ഇടപെടലും പാക്കിസ്ഥാന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 228.28 ശതമാനമാണ് ഉള്ളിയുടെ വില വര്‍ധിച്ചത്. ഡീസല്‍ വില 102.84 ശതമാനവും പെട്രോളിന് 81.17 ശതമാനവും വര്‍ധിച്ചു. ഗോതമ്പ് മാവിന്റെ വില 120.66 ശതമാനവും, വാഴപ്പഴത്തിന് 89.84 ശതമാനവും മുട്ടയുടെ വില 76.56 ശതമാനവും വര്‍ധിച്ചു. പാക്കിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്ത സെന്‍സിറ്റീവ് പ്രൈസിംഗ് ഇന്‍ഡിക്കേറ്റര്‍ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ 47 ശതമാനമായിരുന്നു.

Advertisment