Advertisment

തൈര് പാക്കറ്റുകളിൽ ‘ദഹി’യെന്ന് എഴുതണമെന്ന ഉത്തരവ് തിരുത്തി കേന്ദ്രം

New Update

 

Advertisment

തൈരിൻ്റെ പാക്കറ്റിൽ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന നിർദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി. മാർഗനിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മലക്കം മറിച്ചിൽ. ദഹി എന്നോ തൈരിൻ്റെ മറ്റ് വകഭേദങ്ങളോ പാക്കറ്റിൽ രേഖപ്പെടുത്താമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു.

തമിഴ്നാട്ടിലെ മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനു നൽകിയ ഉത്തരവിലാണ് ‘തൈര്’ എന്ന തമിഴ് വാക്കിനു പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി നിർദ്ദേശിച്ചത്. ഈ ഉത്തരവിനെതിരെ തമിഴ്നാട്ടിലും കർണാടകയിലും പ്രതിഷേധം ഇരമ്പി. തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിൻ അടക്കം ഈ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. കർണാടകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദകരായ ബെഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂർത്തി എഫ്എസ്എസ്എഐ നടപടിയെ വിമർശിച്ചു.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഇത്തരം നീക്കങ്ങൾ പ്രാവർത്തികമാക്കില്ലെന്നും എഫ്എസ്എസ്എഐക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് അതോറിറ്റിയുടെ നിർദേശമെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിൻ അറിയിച്ചു.  ബിജെപി സംസ്ഥാന ഘടകവും ഈ സർക്കുലറിനെ എതിർത്തതിന്  പിന്നാലെയാണ് സർക്കുലർ തിരുത്താൻ ഫുഡ് സേഫ്റ്റി അതോറിറ്റി നിർബന്ധിതരായത്.

Advertisment