ബെംഗളൂരു: ബെംഗളൂരു കോറമംഗലയില്‍ ഓടുന്ന കാറില്‍ 19-കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. മാർച്ച് 25നാണ് കോറമംഗല നാഷനൽ ഗെയിംസ് വില്ലേജ് പാർക്കിൽനിന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ വിജയ്, ശ്രീധര്‍, കിരണ്‍, സതീഷ് എന്നീ നാല് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. പ്രതികളിലൊരാൾ ഇവരുടെ സമീപത്തെത്തി രാത്രി പാർക്കിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തു.
യുവതിയോട് മോശമായി പൊരുമാറിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട ശേഷം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഓടുന്ന കാറില്‍വെച്ച് പിറ്റേന്ന് പുലര്‍ച്ചെ നാല് മണിവരെ നാലുപേരും ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
പിന്നീട് യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ടു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരും ഈജിപുരം സ്വദേശികളാണ്.