മുംബൈ: നവി മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാർഘർ പ്രദേശത്തെ തുറന്ന ഗ്രൗണ്ടിൽ നിരവധി പേര്‍ പങ്കെടുത്ത ‘മഹാരാഷ്ട്ര ഭൂഷൺ’ അവാർഡ് ദാന ചടങ്ങ് നടക്കുന്നതിനിടെയാണ് സൂര്യാഘാതമുണ്ടായത്.
മരിച്ചവരിൽ ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. മഹേഷ് നാരായൺ ഗെയ്‌കർ (42), ജയശ്രീ ജഗന്നാഥ് പാട്ടീൽ (54), മഞ്ജുഷ കൃഷ്ണ ഭോംബാഡെ (51), സ്വപ്‌നിൽ സദാശിവ് കേനി (30), തുൾഷിറാം ഭൗ വംഗദ് (58), കലാവതി സിദ്ധ്റാം വയ്ചൽ (46), ഭീമ കൃഷ്ണ സാൽവി (58), സവിത സഞ്ജയ് പവാർ (42), പുഷ്പ മദൻ ഗായികർ (64), വന്ദന ജഗന്നാഥ് പാട്ടീൽ (62), മിനാക്സി മോഹൻ മിസ്ത്രി, ഗുലാബ് ബാബൻ പാട്ടീൽ (55) എന്നിവരാണ് മരിച്ചത്.
“എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു, ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹങ്ങൾ അന്തിമ ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു,” പൻവേൽ മുനിസിപ്പൽ കമ്മീഷണർ ഗണേഷ് ദേശ്മുഖ് പറഞ്ഞു. എട്ട് പേർ കാമോത്തെ എംജിഎം ആശുപത്രിയിലും ഒരാൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലുമാണ്. ചികിത്സയിലായിരുന്നു മറ്റുള്ളവര്‍ ആശുപത്രി വിട്ടു.
അമിതമായ ചൂട് കാരണം നിരവധി സ്ത്രീകൾ കുഴഞ്ഞുവീഴുകയും ഡ്യൂട്ടിയിലായിരുന്ന പോലീസുകാർ അവരെ ആൾക്കൂട്ടത്തിനിടയിലൂടെ മോട്ടോർ ബൈക്കുകളിൽ പ്രഥമ ശുശ്രൂഷയ്ക്കായി മെഡിക്കൽ സഹായ കേന്ദ്രങ്ങളിലെത്തിക്കുകയും അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.
ഖാർഘറിലെ 306 ഏക്കർ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് ആളുകളാണ് എത്തിയിരുന്നത്. സ്ഥലത്തിന് ഏറ്റവും അടുത്തുള്ള കാലാവസ്ഥാ സ്റ്റേഷനിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അജിത് പവാർ, നവിമുംബൈയിൽ ഉച്ചസമയത്ത് താപനില വളരെ ഉയർന്ന സമയത്ത് എങ്ങനെയാണ് ‘മഹാരാഷ്ട്ര ഭൂഷൺ’ അവാർഡ് പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മരണങ്ങൾ വളരെ ദൗർഭാഗ്യകരമാണെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഞായറാഴ്ച നടന്ന ചടങ്ങിൽ ആത്മീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായ അപ്പാസാഹേബ് ധർമ്മാധികാരിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് സമ്മാനിച്ചു.