ചെന്നൈ: പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്നവകാശപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും ക്ലീൻ ബൗൾഡാക്കി തട്ടിപ്പുകാരൻ. വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരനാണ് വ്യാജ ട്രോഫിയുമായി എത്തി മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും ചെന്നുകണ്ടത്. ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
/sathyam/media/post_attachments/OW9NldBSkEvqRxQkJooG.jpg)
രാമനാഥപുരം സ്വദേശിയായ വിനോദ് ബാബു ഭിന്നശേഷിക്കാരനാണ്. ഈയിടെ കുറേ ദിവസമായി നാട്ടിലില്ലായിരുന്നു. ഒരു ട്രോഫിയൊക്കെയായാണ് വീണ്ടും നാട്ടിൽ പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാനിൽ നടന്ന ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റ് കളിക്കാൻ പോയി, ജയിച്ചു, ടീമിനെ നയിച്ചത് താനായിരുന്നു എന്ന് നാട്ടുകാരോട് പൊങ്ങച്ചം പറഞ്ഞു. നാട്ടുകാർ പൗരസ്വീകരണം ഒക്കെ കൊടുത്തു. വഴിവക്കിലെല്ലാം അഭിനന്ദന ഫ്ലക്സുവച്ചു. വിവരമറിഞ്ഞ പിന്നാക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനും അഭിനന്ദിക്കാനെത്തി.
അവിടംകൊണ്ടും കാര്യങ്ങൾ തീർന്നില്ല. പരിമിതികളോട് മല്ലടിച്ച് ഇന്ത്യക്കുവേണ്ടി കപ്പുയർത്തിയ കളിക്കാരനെ മന്ത്രി മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചു. മുഖ്യമന്ത്രിയുടെ വക അഭിനനന്ദനം, പൊന്നാട. കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനും വിനോദ് ബാബുവിനെ അഭിനന്ദിച്ചു. എല്ലാത്തിനും നന്ദി പറഞ്ഞ് കക്ഷി മടങ്ങി. കൂമ്പാരമായ അഭിനന്ദനവാർത്തകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയതോടെയാണ് കള്ളത്തരം പുറത്തായത്.
രാമനാഥപുരം പൊലീസ് വിനോദിനെതിരെ ഐപിസി 406,420 വകുപ്പുകൾ പ്രകാരം വഞ്ചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു. പാസ്പോർട്ട് പോലുമില്ലാത്ത ഇയാളിതുവരെ ഇന്ത്യ വിട്ടെങ്ങും പോയിട്ടില്ലെന്നും വെളിപ്പെട്ടു. മാത്രമല്ല, ഇതേ കള്ളത്തരം പറഞ്ഞ് ധാരാളം പേരിൽ നിന്നും പണവും തട്ടിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us