മോദി 'ഒന്നിനും കൊള്ളാത്തവനെ'ന്ന പരാമര്‍ശം; ഖാര്‍ഗെയുടെ മകന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം നടത്തിയതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ "അധിക്ഷേപകരം" എന്നും പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ 'ഒന്നിനും കൊള്ളാത്തവനെ'ന്ന് വിളിച്ചതിനാണ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നോട്ടീസയച്ചത്. വ്യാഴാഴ്ച അഞ്ച് മണിക്ക് മുമ്പ് നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റൊരു അറിയിപ്പില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

"നിങ്ങൾ (പ്രധാനമന്ത്രി മോദി) ഗുൽബർഗയിൽ (കലബുറഗി) വന്നപ്പോൾ ബഞ്ചാര സമുദായക്കാരോട് എന്താണ് പറഞ്ഞത്? 'ഭയപ്പെടേണ്ട. ബഞ്ചാരകളുടെ മകൻ ഡൽഹിയിൽ ഇരിക്കുന്നു എന്നാണ്‌. പക്ഷേ, കഴിവുകെട്ട ഒരു മകൻ ഡൽഹിയിൽ ഇരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എങ്ങനെ കുടുംബം നയിക്കാനാകും," എന്നായിരുന്നു പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞത്.

അധിക്ഷേപ രാഷ്ട്രീയത്തില്‍ പ്രിയങ്ക് ഖാർഗെ തന്റെ പിതാവ് മല്ലികാർജുൻ ഖാർഗെയെ മറികടക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തിങ്കളാഴ്ച പറഞ്ഞു.

"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കർണാടകയിലെ ജനങ്ങൾ വലിയ പിന്തുണ നൽകുന്നത് കണ്ട് കോൺഗ്രസ് നേതാക്കൾ നിരാശരാണ്. അതിനാൽ കോൺഗ്രസ് നേതാക്കൾ വീണ്ടും മോദിജിയെയും കുടുംബത്തെയും സമൂഹത്തെയും അധിക്ഷേപിച്ചിരിക്കുകയാണ്," അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വാദം.

Advertisment