ബി.ജെ.പിക്കും കോൺഗ്രസിനും അഗ്നിപരീക്ഷ. കന്നഡ ജനത ഇന്ന് ബൂത്തിലേക്ക്. തുടർഭരണ പ്രതീക്ഷയിൽ ബി.ജെ.പി. അട്ടിമറി ഉറപ്പിച്ച് കോൺഗ്രസ്. 113 എന്ന മാന്ത്രികസംഖ്യ ഉറപ്പിക്കാൻ അരയും തലയും മുറുക്കി പോര്. ജാതിയും മതവും സംവരണവും വർഗീയതയും പ്രലോഭനവുമെല്ലാം ആയുധം. വിധിയെഴുതുക 5.3 കോടി വോട്ടർമാർ. എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലം

New Update

publive-image

Advertisment

ബെംഗളൂരു: തുടർ ഭരണ പ്രതീക്ഷയിൽ ബിജെപിയും അട്ടിമറിക്കുമെന്ന് ഉറപ്പിച്ച് കോൺഗ്രസും ഇഞ്ചോടിഞ്ച് പ്രചാരണം നടത്തിയ കർണാടകത്തിൽ ഇന്ന് വോട്ടെടുപ്പ്. ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ അഗ്നിപരീക്ഷയാണ്. കന്നഡ ജനത ആരെ തിരഞ്ഞെടുക്കുമെന്ന് ഒരു പ്രവചനവും സാദ്ധ്യമല്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിൽ ജാതിയും മതവും സംവരണവും വർഗീയതയും പ്രലോഭനവുമെല്ലാം ആയുധങ്ങളായി. ഇന്ന് വിധിയെഴുതുക 5.3 കോടി വോട്ടർമാരാണ്. കന്നഡ നാട് ആര് ഭരിക്കുമെന്ന് ശനിയാഴ്ച അറിയാം.

ആകെ 224 മണ്ഡലങ്ങൾ, 2613 സ്ഥാനാർത്ഥികൾ, ഇവരുടെ വിധി നിർണ്ണയിക്കാൻ 5.3 കോടി വോട്ടർമാർ. നിയമസഭയിൽ 113 എന്ന മാന്ത്രികസംഖ്യ ഒപ്പിക്കാൻ കനത്തപോരിലാണ് കോൺഗ്രസും ബി.ജെ.പിയും. കഴിഞ്ഞ തവണ പാളിപ്പോയ സഖ്യത്തിന്റെ അനുഭവത്തിൽ തനിച്ച് ഭൂരിപക്ഷം നേടാനാണ് ശ്രമം. ഇതിനിടയിൽ സ്വന്തം സാധ്യത നിലനിറുത്താൻ കരുതലോടെ നീങ്ങുകയാണ് ജനതാദൾ.


ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങി കർണാടക രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന ഇവരിൽ ആരു വീഴും ആര് വാഴും എന്നറിയാൻ ശനിയാഴ്ച വരെ കാത്തിരിക്കണം.


വർഗ്ഗീയതയുംആക്ഷേപങ്ങളും അരങ്ങുകൊഴിപ്പിച്ച പ്രചരണത്തിൽ ഭരണവിരുദ്ധ വികാരം, മാറി മറയുന്ന ജാതി സമുദായ പിന്തുണ, ന്യൂനപക്ഷ സംവരണം നീക്കിയ നടപടി തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും ജനവിധി നിശ്ചയിക്കുക.കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് പ്രചാരണം അതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ബി.ജെ.പി. ആയുധമാക്കിയത് വർഗീയ കാർഡാണ്. അധികാരത്തിൽ എത്തിയാൽ ബജ്‍രംഗ്ദളിനെ നിരോധിക്കും എന്ന കോൺഗ്രസിന്റെ പ്രചാരണ പത്രിക മാത്രം എടുത്തുകൊണ്ട് പ്രചാരണം കൊഴുപ്പിക്കുകയാണവർ. വോട്ടു ചെയ്യുമ്പോൾ പോലും മനസ്സിൽ ജയ് ബജ്‍രംഗ്ബലി എന്നു പറയണമെന്നാണ് ബി.ജെ.പിയുടെ പ്രചാരണം.

ഇതുവരെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. 80 മുതൽ 85 വരെ സീറ്റുകളിൽ ബി.ജെ.പി. ഒതുങ്ങുമെന്നാണ് സർവേ ഫലങ്ങൾ. ജെ.പി. നദ്ദ, അമിത് ഷാ, സ്മൃതി ഇറാനി, നിർമലാ സീതാരാമൻ, യോഗി ആദിത്യനാഥ് തുടങ്ങി 40 അംഗ താര പ്രചാരകരും അവർക്കെല്ലാം പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനത്തെത്തി. ആയിരത്തിലധികം റോഡ് ഷോ, പൊതുസമ്മേളനങ്ങൾ, 200ലധികം മഹാറാലികൾ ഇതിനോടകം തന്നെ പതിനായിരത്തിലേറെ പ്രചാരണങ്ങൾ എന്നിവ ബിജെപി നടത്തി കഴിഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ 200 യൂണിറ്റ് വൈദ്യുതി, പത്ത് കിലോ അരി, സ്ത്രീകൾക്ക് ബസ് യാത്ര എല്ലാം സൗജന്യം. 3000 രൂപ തൊഴിലില്ലായ്മ വേതനം, വീട്ടമ്മമാർക്ക് അക്കൗണ്ടിൽ 2000 രൂപ എന്നിവ നടപ്പാക്കുമെന്നാണ് വാഗ്ദാനം. ഇതെല്ലാം കേട്ട് കന്നഡിഗർ ആരെ തിരഞ്ഞെടുക്കുമെന്ന് ശനിയാഴ്ച അറിയാം.

Advertisment