ന്യൂഡൽഹി: കർണാടകത്തിലെ ഉജ്ജ്വലവിജയം കോൺഗ്രസിന് വരാനിരിക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഊർജ്ജം പകരുന്നതാണ്. അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ. ഇക്കൊല്ലം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന തിരഞ്ഞെടുപ്പുകളെ കർണാടകയിലെ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിൽ കോൺഗ്രസിന് നേരിടാം.
നവംബറിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം സംസ്ഥാനങ്ങളിലും ഡിസംബറിൽ രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജമ്മുകാശ്‌മീർ തിരഞ്ഞെടുപ്പും ഇതിനിടയിൽ നടക്കാനിടയുണ്ട്. ഛത്തീസ്ഗഡിൽ നിലവിൽ ഭരണം കയ്യാളുന്ന ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ അധികാര തുടർച്ചയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
അവിടെ അഞ്ചു വർഷം കൂടുമ്പോൾ ഭരണം മാറുന്നത് പതിവാണ്. ബിജെപിയും കോൺഗ്രസും മാറിമാറി വരുന്നതാണ് രീതി. എന്നാൽ കർണാടകയിലേതു പോലെ ബി.ജെ.പിക്ക് അവിടെ സംസ്ഥാന തല നേതൃനിര ദുർബലമാണ്. ഇത് മുതലെടുത്താവും കോൺഗ്രസിന്റെ പ്രചാരണവും.
മധ്യപ്രദേശിൽ ശിവരാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുകയാണ്. കമൽനാഥിനെ മുൻനിറുത്തി 2018നെക്കാൾ മികച്ച വിജയം നേടാൻ കോൺഗ്രസിന് അനുകൂലമാണ് അവിടെ സാഹചര്യം. അന്ന് ഭരണം നേടിയിട്ടും ബി.ജെ.പിയുടെ സഹായത്തോടെ ജ്യോതിരാദിത്യസിന്ധ്യ നടത്തിയ വിമത നീക്കം തിരിച്ചടിയായിരുന്നു. ഇനി ഒത്തൊരുമയോടെ ആഞ്ഞു പിടിച്ചാൽ കർണാടകത്തിലേതു പോലെ ഭരണം കൈക്കുമ്പിളിൽ ഇരിക്കുമെന്ന് കോൺഗ്രസിന് അറിയാം. കർണാടകത്തിലേതു പോലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനായിരിക്കും കോൺഗ്രസ് ശ്രമിക്കുക.
രാജസ്ഥാനിലെ സ്ഥിതി നേരേ മറിച്ചാണ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള ശീതസമരം നടക്കുന്ന രാജസ്ഥാനിൽ ഭരണം നിലനിറുത്തുക കോൺഗ്രസിന് എളുപ്പമല്ല. സച്ചിനെ അവഗണിച്ച് ഗെലോട്ടിന്റെ അനുഭവ സമ്പത്തിന് മുൻഗണന നൽകുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് നിർണായകമാവും. രാജസ്ഥാനിലെ കടുത്ത ഭരണവിരുദ്ധ വികാരവും വെല്ലുവിളിയാണ്. സച്ചിൻ പൈലറ്റിനെ അമിത് ഷാ വിലയ്ക്കെടുത്തെന്ന് ഗെലോട്ട് ആരോപണം ഉന്നയിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് സച്ചിൻ മറുകണ്ടം ചാടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ജമ്മുകാശ്‌മീരിലും കോൺഗ്രസിന് പ്രതീക്ഷയുണ്ട്. നാഷണൽ കോൺഫറൻസ്, പി.ഡി.പി തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ നിലപാടും കോൺഗ്രസിന് അനുകൂലമായിരിക്കും.
ബി.ആർ.എസിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിക്കഴിഞ്ഞ തെലങ്കാനയിലും കോൺഗ്രസിന് കാര്യങ്ങൾ അനുകൂലമല്ല. ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപീകരിച്ചത് കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോളാണെങ്കിലും അതിന്റെ പേരിൽ അവിടെ പാർട്ടി പിന്നാക്കം പോകുകയാണ് ചെയ്‌തത്. രാജ്യത്ത് കോൺഗ്രസിന്റെ മേൽക്കൈയിൽ പ്രതിപക്ഷ ഐക്യനിര ഉയർന്നുവരാനും കർണാടക തിരഞ്ഞെടുപ്പ് വഴിവയ്ക്കും.
ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ നിരയെ കോൺഗ്രസ് നയിക്കുന്നതിൽ താത്‌പര്യമില്ലാത്ത തൃണമൂൽ കോൺഗ്രസ്, ആംആദ്‌മി പാർട്ടി, ബി.ആർ.എസ് തുടങ്ങിയവർ ഇനി മെരുങ്ങിയേക്കാനിടയുണ്ട്.