കര്‍ണാടകയില്‍ ക്ലൈമാക്‌സ് നീളുന്നു; തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ കുറിച്ചോ സത്യപ്രതിജ്ഞയെ കുറിച്ചോ ഒരക്ഷരം പോലും പറയാനാകാതെ കോണ്‍ഗ്രസ് നേതൃത്വം: വര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നത വിജയം സമ്മാനിച്ച കര്‍ണാടകടയിലെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച് കോണ്‍ഗ്രസ്: മുഖ്യമന്ത്രി സ്ഥാനത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്നു

New Update

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.  വിജയിച്ച എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ സിദ്ധരാമയ്ക്ക് ഒപ്പം ആണെങ്കിലും ദേശീയ നേതാക്കളുടെ പിന്തുണ ഭൂരിപക്ഷവും ഡി കെ ശിവകുമാറിനോടാണ്.

Advertisment

publive-image

ഇന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളുമായി സമവായ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടാല്‍ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകും. ഇന്ന് ദില്ലി കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചയില്‍ സോണിയ ഗാന്ധിയും ഭാഗമാകും.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് ഇത്രയും ദിവസം ക‍ഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം ഹൈക്കമാന്‍ഡിനേയും അലോസരപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതല്‍ സിദ്ധരാമയ്യക്കാണ്. വിഷയത്തില്‍ ഡി.കെ ശിവകുമാര്‍ ഇടഞ്ഞാല്‍ പ്രശ്‌നപരിഹാരത്തിന് സോണിയ ഗാന്ധി നേരിട്ടിറങ്ങേണ്ടിവരും. ഡി.കെ ശിവകുമാറിനെ അനുനയിപ്പിച്ച് മുന്നോട്ടുപോകുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യംവെയ്ക്കുന്നത്. ഖാര്‍ഗെയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ കുറിച്ചോ സത്യപ്രതിജ്ഞയെ കുറിച്ചോ ഒരക്ഷരം പോലും പറയാനാകാതെ വിഷമിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നത വിജയം സമ്മാനിച്ച കര്‍ണാടകടയിലെ ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയും കണ്ടിട്ടെ കോണ്‍ഗ്രസ് അടങ്ങുവെന്ന സ്ഥിതിയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്നത്. പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത നേതാക്കളും നേതൃത്വവുമാണ് ഇപ്പോള്‍ പാര്‍ട്ടിയിലെന്ന് തെളിയിക്കുകയാണ്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ പ്രതിസന്ധി തുടരുന്നിടത്തോളം അക്കരെ പച്ച തേടി പോകുന്ന എംഎല്‍എമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

അതിനിടെ മുഖ്യമന്ത്രിക്കസേര എനിക്ക് തന്നാല്‍ ഞാനെടുത്തോളാം എന്ന് പറഞ്ഞ് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ഇന്നലെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഹൈക്കമാന്‍ഡ് അവസരം നല്‍കിയാല്‍ സ്ഥാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ചില തത്വങ്ങളുണ്ട്. എനിക്ക് പോലും 50 എംഎല്‍എമാരെ എന്റെ അരികില്‍ കൊണ്ടുവന്ന് സംസാരിക്കാം. പക്ഷേ പാര്‍ട്ടിയുടെ തത്വങ്ങളാണ് എനിക്ക് കൂടുതല്‍ പ്രധാനം. ഹൈക്കമാന്‍ഡ് എനിക്ക് അവസരം നല്‍കിയാല്‍ ഞാന്‍ അത് സ്വീകരിക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയും ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവര്‍ക്കെല്ലാം അറിയാം. ഞാന്‍ എന്തിന് ഇതെല്ലാം വീണ്ടും പറയണം? എനിക്ക് ചുറ്റും ലോബി ചെയ്ത് അത് ചോദിക്കേണ്ടതില്ല. ഇതിനര്‍ത്ഥം ഞാന്‍ കഴിവില്ലാത്തവനാണെന്നല്ലെന്ന് പരമേശ്വര പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി താന്‍ ചെയ്ത പ്രവര്‍ത്തനത്തെക്കുറിച്ചും സേവനത്തെക്കുറിച്ചും ഉന്നതര്‍ക്ക് അറിയാമെന്നും അതിനായി ലോബി ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്ന നേതാക്കളെ പരിഹസിച്ച് ഇന്നലെ ബിജെപി നേതൃത്വവും രംഗത്തെത്തിയിരുന്നു.