ബംഗളുരു: ടി.പി കേസിലെ പ്രതി രജീഷിന്റെ നിർദ്ദേശപ്രകാരം ബംഗളുരുവിലെ മലയാളി മ്യാൻമറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴി തോക്കുകളും ബുള്ളറ്റുകളും ഇന്ത്യയിലേക്ക് കടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കർണാടക പോലീസ്. ആയുധക്കടത്തിന് പിന്നിലെ തീവ്രവാദബന്ധം കണ്ടെത്താൻ പഴുതടച്ച അന്വേഷണം നടത്തുകയാണ് കർണാടക പോലീസ്. ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബംഗളുരു പോലീസ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിലൊരാളായ ടി .കെ രജീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറണ്ടുമായി കണ്ണൂരിലെത്തിയ ബംഗളുരു കബൺ പാർക്ക് പോലീസ് ടി.കെ രജീഷിനെ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശേഷം ബെംഗളുരുവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒരു ബി.എം.ഡബ്ല്യു കാറിൽ തോക്കും ബുള്ളറ്റുകളും കടത്താൻ ശ്രമിച്ച കേസിൽ നീരജ് ജോസഫ് എന്ന മലയാളി പിടിയിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 9ന് വൈകിട്ടോടെയാണ് നീരജ് ജോസഫ് അറസ്റ്റിലായത്. ഒരു ബി.എം.ഡബ്ല്യു കാറിൽ കേരളത്തിലേക്ക് തോക്ക് കടത്താനോ, കേരളത്തിൽ നിന്നുള്ള ചിലർക്ക് ആയുധം വിൽക്കാനോ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് ബംഗളുരു പോലീസ് പറയുന്നത്.
നീരജ് ജോസഫിനെ വിശദമായി ചോദ്യം ചെയ്‌പ്പോഴാണ് മ്യാൻമറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴി തോക്കുകളും ബുള്ളറ്റുകളും ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരം ലഭിച്ചത്. 70,000 രൂപയ്ക്കാണ് ആയുധങ്ങൾ വാങ്ങിയതെന്നാണ് നീരജ് വ്യക്തമാക്കിയത്. ടി.പി ചന്ദ്രശേഖരന്റെ കൊലയാളി ടി കെ രജീഷ് പറഞ്ഞിട്ടാണ് ആയുധങ്ങൾ വാങ്ങിയതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. ഇതോടെ കേസിൽ ഗൗരവമേറിയ അന്വേഷണം നടത്താൻ ബംഗളുരു പോലീസ് തീരുമാനിക്കുകയായിരുന്നു. നീരജിന് വേറെ ആരെങ്കിലും സഹായം നൽകിയിരുന്നോ, ടി. കെ രജീഷ് പറഞ്ഞ് ഇയാൾ നേരത്തെയും ആയുധക്കടത്ത് നടത്തിയോ എന്നെല്ലാം ബംഗളുരു പോലീസ് പരിശോധിക്കുന്നുണ്ട്.
ടി.പി കേസിലെ കുറ്റവാളികൾ ശിക്ഷ അനുഭവിക്കുന്നതിനിടെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് ഇതാദ്യമല്ല. ജയിലിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തിയതിനും സ്വർണ്ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിനും പ്രധാന പ്രതി കൊടി സുനിക്കെതിരെ കേസ് എടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി കിർമ്മാണി മനോജ് വയനാട്ടിലെ ലഹരി പാർട്ടിയിൽ പങ്കെടുത്തതിന് പോലീസിന്റെ പിടിയിലായിരുന്നു. ഷാഫിയെ കരിപ്പൂർ സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മറ്റൊരു ശിക്ഷാ തടവുകാരൻ കൂടി കർണ്ണാടക പോലീസിന്റെ പിടിയിലായത്.