ഗുവഹാത്തി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിന് ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി യുവനേതാവ് അറസ്റ്റില്‍. അസമിലെ യുവനേതാവായ അങ്കുശ്മാന്‍ ബോറയാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നഡ്ഡയുടെ പരിപാടി.
അംഗുരി നിയോജകമണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ ആളുകളുടെ പ്രാതിനിധ്യം വളരെ കുറവായതാണ് പ്രാദേശിക നേതാവിനെ ചൊടിപ്പിച്ചത്. പരിപാടിക്ക് പിന്നാലെ യുവനേതാവ് നേരെയെത്തിയത് പ്രദേശവാസിയായ തോമസ് സാങ്മയുടെ വീട്ടിലേക്കാണ്. ആ സമയത്ത് വീട്ടില്‍ തോമസ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയെ ബോറ ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.
'ഞാന്‍ ഇവിടെ ഒരു ഹോട്ടലില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. അന്നത്തെ ദിവസം ജോലി കാരണം എനിക്ക് റാലിക്ക് പോകാന്‍ കഴിഞ്ഞില്ല. ഇക്കാര്യം ബോറയോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ അവന്‍ തയ്യാറായില്ല. പിന്നാലെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു'- യുവതി മാധ്യമങ്ങളോട് പറഞ്ഞു. അക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബോറ തന്നെയും മര്‍ദിച്ചതായി തോമസ് പറഞ്ഞു. പണിയുള്ളതിനാലാണ് റാലിക്ക് വരാന്‍ കഴിയാതിരുന്നത് എന്നറിയിച്ചെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറാവാതെ മര്‍ദനം തുടരുകയായിരുന്നെന്ന് തോമസ് പറഞ്ഞു. ഗൗരിസാഗര്‍ പൊലീസ് സ്റ്റേഷനില്‍ ദമ്പതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബിജെപി യുവനേതാവിനെ അറസ്റ്റ് ചെയ്തത്.