പുണെ: മഹാരാഷ്ട്രയിലെ രാജ്ഗഡ് കോട്ടയിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി പൊലീസ്. മരിച്ച ദർശന പവാറിന്റെ (26) ആൺസുഹൃത്തായ രാഹുൽ ഹാൻഡോറിനു (25) വേണ്ടിയാണ് തിരച്ചിൽ. ഞായറാഴ്ചയാണ് ദർശനയെ മഹാരാഷ്ട്രയിലെ പുണെയിലുള്ള രാജ്ഗഡ് കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഹമ്മദ്‌നഗറിലെ പഞ്ചസാര മില്ലിലെ ഡ്രൈവറുടെ മകളായ ദർശന, അടുത്തിടെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർഎഫ്‌ഒ) തസ്തികയിലേക്കുള്ള മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) പരീക്ഷ പാസായിരുന്നു.
“മരിച്ച ദർശന കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ദർശനയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയാളിയെയും കൊലപാതകത്തിനു പിന്നിലെ കാരണത്തെയും കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്തു.’’– വെൽഹെ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ മനോജ് പവാർ പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ജൂൺ 9നാണ് ദർശന പുണെയിൽ എത്തിയത്. നർഹെ ഏരിയയിൽ ഒരു വനിതാ സുഹൃത്തിനൊപ്പമായിരുന്നു താമസം. അക്കാദമിയുടെ അനുമോദനച്ചടങ്ങിൽ പങ്കെടുത്തു. ജൂൺ 12ന് സിംഹഗഡ് കോട്ട സന്ദർശിക്കാൻ പോകുകയാണെന്നു ദർശന മാതാപിതാക്കളെ അറിയിച്ചു. രാജ്ഗഡ്, സിംഹഗഡ് കോട്ടകളിൽ ട്രക്കിങ്ങിനു പോകുകയാണെന്നാണ് കൂടെ താമസിച്ചിരുന്ന സുഹൃത്തിനോടു പറഞ്ഞത്.
എന്നാൽ ഇതിനുശേഷം കുടുംബത്തിനു ദർശനയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി. രാഹുലിന്റെ വീട്ടുകാരും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് 18നു ദർശനയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. വെൽഹെയിൽനിന്നാണ് ദർശനയുടെ അവസാന ഫോൺകോളെന്ന് പൊലീസ് കണ്ടെത്തി. സിംഹഗഡ് കോട്ടയിൽ നിന്ന് 35 കിലോമീറ്റർ അകലെ രാജ്ഗഡ് കോട്ടയുടെ അടിവാരത്തുനിന്നാണ് ഫോൺ കണ്ടെത്തിയത്.
നാസിക് ജില്ലയിലെ സിന്നാർ താലൂക്കിൽ നിന്നുള്ള രാഹുൽ ഹാൻഡോർ, പുണെയിൽ സിവിൽ സർവീസിന് തയാറെടുക്കുന്ന ബിരുദധാരിയാണ്. ജൂൺ 12നു രാവിലെ 6:10ന് രാഹുലും ദർശനയും ഒരുമിച്ച് രാജ്ഗഡിലേക്കു കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. എന്നാൽ 10 മണിയോടെ രാഹുൽ ഒറ്റയ്ക്കാണ് മടങ്ങിവന്നത്. ഇതിനുശേഷം രാഹുൽ എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. രാഹുലിനെ കണ്ടെത്താൻ അഞ്ചു സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.