പട്ന: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗത്തിനു മുന്നോടിയായി ബിഹാറിലെ പട്നയിൽ പാർട്ടി ഓഫിസിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രതിപക്ഷ യോഗം രാവിലെ പതിനൊന്നരയോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ആരംഭിച്ചു.
രാജ്യത്ത് നടക്കുന്നത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്നും കോൺഗ്രസ് ‘ഭാരത് ജോഡോ’യിലും ബിജെപിയും ആർഎസ്എസും ‘ഭാരത് തോഡോ’യിലും വിശ്വസിക്കുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും ബിജെപി പ്രവർത്തിക്കുന്നുണ്ടെന്ന് രാഹുൽ ആരോപിച്ചു.
‘‘വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാനാകില്ലെന്ന് നിങ്ങൾക്കറിയാം, സ്നേഹം കൊണ്ടു മാത്രമേ അതിനെ പരാജയപ്പെടുത്താനാകൂ. രാജ്യത്തെ ഒന്നിപ്പിക്കാനും സ്‌നേഹം പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ ഡിഎൻഎ ബിഹാറിൽ ഉള്ളതിനാലാണ് ഞങ്ങൾ ബിഹാറിൽ എത്തിയത്.
എല്ലാ പ്രതിപക്ഷ പാർട്ടികളും ഇവിടെ വന്നിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണ്. കർണാടകയിൽ ബിജെപി നേതാക്കൾ എല്ലായിടത്തും പോയി പ്രസംഗിച്ചു. പക്ഷേ ഫലം എന്താണെന്ന് നിങ്ങൾക്ക് അറിയാം.
കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നപ്പോൾ തന്നെ കർണാടകയിൽ ബിജെപി ഇല്ലാതായി. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി ഇനി ഉണ്ടാകില്ലെന്നും കോൺഗ്രസ് വിജയിക്കുമെന്നും ഞാൻ ഉറപ്പിച്ചു പറയുന്നു.’’ രാഹുൽ പറഞ്ഞു.