കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ജെ.പി. നഡ്ഡ

New Update

തിരുവനന്തപുരം: കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നഡ്ഡ. ദേശീയപാത 66നു 55,000 കോടി രൂപയാണു കേന്ദ്രസർക്കാർ അനുവദിച്ചത്. 1,266 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് നഡ്ഡ പറഞ്ഞു.

Advertisment

publive-image

കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സർക്കാർ അനുവദിച്ചതായി ജെ.പി നഡ്ഡ പറഞ്ഞു. ‘‘ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമായി മാറും. മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകൾ ആറുവരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനു വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ്. 2014നു മുമ്പ് രാജ്യത്ത് ഒരു ദിവസം ആറു കിലോമീറ്റർ പാളമാണ് റെയിൽവേ നിർമിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർധിപ്പിച്ചു.

രാജ്യത്തെ 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്നുവർഷമായി നൽകുന്നു. യൂറോപ്പിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഈ സംഖ്യ. നാലുകോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിച്ചത്. ശൗചാലയങ്ങൾ സ്ത്രീകളുടെ അഭിമാനത്തിന്റെ വിഷയമാണ്.11 കോടി ടോയിലറ്റ് മോദി സർക്കാർ പണിതു. 2,43,000 ടോയിലറ്റുകളാണ് കേരളത്തിൽ പണിതത്.

ആയുഷ്മാൻ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് പരിരക്ഷയാണ്. 50 കോടി ജനങ്ങൾക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നത്. കേരളത്തിൽ 22 ലക്ഷം പേർക്കാണ് ഈ ആനുകൂല്യം കിട്ടുന്നത്. ജൽ ജീവൻ മിഷനിൽ 9 കോടി പേർക്ക് സൗജന്യ കുടിവെള്ളം എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. 20,33,000 കർഷകർക്കാണ് കേരളത്തിൽ കിസാൻ സമ്മാൻ നിധി ലഭിക്കുന്നത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ മോദി സർക്കാർ കേരളത്തിനു വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണ്.

കൊവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യക്കു സാധിച്ചു. ഇന്ന് സാമ്പത്തികമായി മുന്നേറുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്നാണ് ഐഎംഎഫ് പറയുന്നത്. ലോകത്തിൽ ഏറ്റവും കുറവ് വിലവർധനവുള്ള രാജ്യം ഇന്ത്യയാണ്. ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിനു പ്രാധാന്യം കൊടുക്കുന്നത് രാജ്യത്തിന്റെ പുരോഗതി മനസിലാക്കിയാണ്. മോദിയുടെ ഭരണത്തിൽ സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. കയറ്റുമതിയുടെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചു.

ഫോട്ടോ സെഷന് വേണ്ടി മാത്രമാണ് പട്നയിലെ സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം. ലോകനേതാക്കൾ നരേന്ദ്ര മോദിയെ അംഗീകരിക്കുമ്പോൾ പ്രതിപക്ഷത്തുള്ള ചിലർ കുറ്റം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്മുറക്കാരൻ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയിൽ ഇല്ലാതായതെന്ന് രാഹുൽ മനസിലാക്കണം. മറ്റെല്ലാ പാർട്ടികളും അവരുടെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ വികസനത്തിന് മോദി തന്നെ പ്രധാനമന്ത്രിയാവണം.

കേരളം ഇന്ന് മൂന്നരലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. രാജ്യത്ത് 35 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്കു വേണ്ടി വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നു.’’ – നഡ്ഡ പറഞ്ഞു

Advertisment